ആലപ്പുഴ: ജലഗതാഗത സംവിധാനത്തിന്റെ ടൂറിസം സാദ്ധ്യതകൾ പ്രയോജനപ്പെടുത്താൻ സംസ്ഥാനത്തിന് ഇനിയും സാധിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ജലഗതാഗത വകുപ്പ് നീറ്റിലിറക്കുന്ന പുതിയ പാസഞ്ചർ കം ടൂറിസം ബോട്ട് 'സീ കുട്ടനാടി'ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

613 കിലോമീറ്ററുള്ള കോവളം - ബേക്കൽ ജലപാത യാഥാർത്ഥ്യമാക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുകയാണ്. ഇത് വിനോദ സഞ്ചാരത്തെ ശക്തിപ്പെടുത്തുന്നതിനൊപ്പം റോഡിനെ മാത്രം ആശ്രയിക്കുന്ന ചരക്ക് ഗതാഗതത്തിന് സമാന്തര പാതയുമാകും. ആദ്യ സോളാർ എ.സി ക്രൂയിസ് അടുത്ത മാസം നീറ്റിലിറങ്ങും. ജലഗതാഗത വകുപ്പിലെ പകുതിയോളം ബോട്ടുകൾ സോളാർ സംവിധാനത്തിലേക്ക് മാറ്റും. നിലവിൽ ജലഗതാഗത സർവീസില്ലാത്ത തിരുവനന്തപുരമടക്കം വിവിധ ജില്ലകളിൽ പുതിയ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ജലഗതാഗത വകുപ്പ് ഓഫീസിൽ നടന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കളക്ടർ വി.ആർ. കൃഷ്ണതേജ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി.നായർ, സൂപ്രണ്ട് സുജിത്ത്, വാർഡ് കൗൺസിലർ സതീദേവി തുടങ്ങിയവർ സംസാരിച്ചു.