തുറവൂർ: അരൂർ നിയോജക മണ്ഡലത്തിൽ 20 ന് എത്തുന്ന ഭാരത് ജോഡോ യാത്രയിൽ കാൽ ലക്ഷം പേർ പങ്ക് ചേരുമെന്ന് സ്വാഗത സംഘം ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 8.30 ന് മണ്ഡലത്തിന്റെ തെക്കേ അതിർത്തിയായ തുറവൂർ മിൽമ കാലിത്തീറ്റ ഫാക്ടറിക്ക് മുൻവശം എത്തിച്ചേരുന്ന യാത്രയെ നേതാക്കൾസ്വീകരിച്ചാനയിക്കും. തുടർന്ന് തുറവൂർ മഹാക്ഷേത്ര മൈതാനത്ത് രാഹുൽഗാന്ധിയ്ക്ക് വരവേൽപ്പ് നൽകും. പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിലുള്ള പഞ്ചാരിമേളം പദയാത്രയ്ക്ക്. അകമ്പടിയാകും. രാവിലെ 10 ന് കുത്തിയതോട്ടിൽ എത്തിച്ചേരുന്ന യാത്ര വിശ്രമത്തിനുശേഷം വൈകിട്ട് 4 ന് പുനരാംഭിക്കും. വൈകിട്ട് 6 ന് അരൂരിൽ പൊതുസമ്മേളനം നടക്കും. പദയാത്ര വിജയിപ്പിക്കുന്നതിനായി നിയോജകമണ്ഡലം, മണ്ഡലം, ബൂത്ത് തല കൺവെൻഷനുകൾ പൂർത്തീകരിച്ചതായി ഭാരവാഹികൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പദയാത്ര നിയോജക മണ്ഡലം കോർഡിനേറ്റർ ടി. ജി പത്മനാഭൻനായർ, സ്വാഗതസംഘം ചെയർമാൻ ടി. ജി രഘുനാഥപിള്ള, കൺവീനർമാരായ ദിലീപ് കണ്ണാടൻ, പി. മുഹമ്മദ് നസീർ, മീഡിയ കമ്മിറ്റി ചെയർമാൻ അഡ്വ. എസ് രാജേഷ്, കൺവീനർ ടി. പി. സെയ്ഫുദീൻ, ഡി. സി. സി ഭാരവാഹികളായ കെ. ഉമേശൻ, ടി. കെ പ്രതുലചന്ദ്രൻ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം പ്രസിഡന്റ്‌ എം.എസ്. നിധീഷ് ബാബു എന്നിവർ പങ്കെടുത്തു.