 
ആലപ്പുഴ: സ്വച്ഛ് അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആലപ്പുഴ കടൽത്തീരത്ത് പ്ലാസ്റ്റിക് ഭീകരത അനാവരണം ചെയ്യുന്ന, തിമിംഗലത്തിന്റെ ബൃഹത് ശിൽപ്പമൊരുക്കി. രാജേഷ് പാട്ടുകളം, ടി.ബി. ഉദയൻ എന്നീ കലാകാരന്മാരുടെ നേതൃത്വത്തിലാണ് പ്ലാസ്റ്റിക് തിന്ന് ജീവൻ നഷ്ടപ്പെട്ടതായി പ്രതിഫലിപ്പിക്കുന്ന തിമിംഗലത്തിന്റെ രൂപം തീരത്തെ മണലിൽ ഒരുക്കിയത്.
മാലിന്യ മുക്ത നഗരങ്ങൾക്കായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി രാജ്യത്താകമാനമുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങൾ, ബീച്ചുകൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ സംഘടനകളുടെ പങ്കാളിത്തത്തോടെയുള്ള പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ആലപ്പുഴ നഗരസഭ ശുചിത്വ മനുഷ്യച്ചങ്ങലയും ശുചിത്വ പ്രതിജ്ഞയും മണൽ ശില്പവും സൈക്കിൾ റാലിയും റോളർ സ്‌കേറ്റിംഗും ഫ്ലാഷ് മോബും സംഘടിപ്പിച്ചത്. ബീച്ചിൽ നടന്ന പരിപാടിയിൽ മുഹമ്മ കെ.ഇ കാർമൽ അക്കാഡമിയുടെ റോളർസ്‌കേറ്റിംഗ്, തിലക് ഡാൻസ്, ചന്തു ആൻഡ് ടീം അവതരിപ്പിച്ച ഫ്ലാഷ് മോബ് എന്നിവയും അരങ്ങേറി.
വിജയ് പാർക്ക് മുതൽ തെക്കോട്ട് പഴയ കടൽപ്പാലം വരെ തീർത്ത മനുഷ്യച്ചങ്ങലയിലും ശുചിത്വ സന്ദേശ റാലിയിലും ആയിരങ്ങൾ പങ്കെടുത്തു. അഡ്വ. എ.എം. ആരിഫ് എം.പി, എം.എൽ.എ മാരായ പി.പി. ചിത്തരഞ്ജൻ, എച്ച്.സലാം എന്നിവർ മുഖ്യാതിഥികളായി. നഗരസഭ അദ്ധ്യക്ഷ സൗമ്യരാജ് ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ബീന രമേശ്, സ്ഥിരം സമിതി അദ്ധ്യക്ഷരായ എ.ഷാനവാസ്, ബിന്ദുതോമസ്, ആർ.വിനീത, കക്ഷിനേതാവായ എം.ആർ പ്രേം, നഗരസഭ കൗൺസിലർമാർ, വിവിധ സ്‌കൂളുകളിൽ നിന്നുള്ള എസ്.പി.സി, എൻ.സി.സി, എൻ.എസ്.എസ് യൂണിറ്റുകൾ, യൂത്ത് ക്ലബ്ബ്, യുവജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ, റസിഡൻസ് പ്രവർത്തകർ, ഹരിതകർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
നിർമ്മല നഗരം നിർമ്മല ഭവനം 2.0, അഴകോടെ ആലപ്പുഴ എന്നീ ശുചിത്വ പദ്ധതി പ്രവർത്തനങ്ങൾ തുടരുന്ന ആലപ്പുഴ നഗരസഭ, നഗരത്തിന്റെ ശുചിത്വ പ്രവർത്തനങ്ങളിൽ ജനകീയ പങ്കാളിത്തം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്
സൗമ്യ രാജ്, നഗരസഭാദ്ധ്യക്ഷ