
ഹരിപ്പാട്: കരുവാറ്റ ലീഡിംഗ് ചാനലിൽ നടന്ന 53-ാമത് ഹോം മിനിസ്ടേഴ്സ് ജലമേളയിൽ, നാരായണൻകുട്ടി ക്യാപ്ടനായ എൻ.സി.ഡി.സിയുടെ നടുഭാഗം ചുണ്ടൻ ജേതാവ്. പുത്തനാറിന്റെ ഇരുകരകളിലും തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് കാണികളിൽ ആവേശക്കടലിളക്കി നടന്ന മത്സരത്തിൽ രാജൻ ചെറുമനശ്ശേരി ക്യാപ്ടനായ മഹാദേവികാട് കാട്ടിൽ തെക്കതിൽ ചുണ്ടനെ തുഴപ്പാടുകൾക്ക് പിന്നിലാക്കിയാണ് നടുഭാഗം ട്രോഫിയിൽ മുത്തമിട്ടത്. സി.ബി.എൽ മത്സര പരമ്പരയിലെ ആദ്യ മത്സരമായിരുന്നു കരുവാറ്റ ജലമേള.
സുനിൽ ജോസഫ് വഞ്ചിക്കൽ ക്യാപ്ടനായ പുന്നമട ബോട്ട് ക്ലബ്ബ് തുഴഞ്ഞ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനം നേടി. ലൂസേഴ്സ് മത്സരങ്ങളിൽ പൊലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ഒന്നാമതെത്തി. രണ്ടും മൂന്നും സ്ഥാനങ്ങൾ പായിപ്പാടും കാരിച്ചാലും പങ്കുവച്ചു. സെക്കൻഡ് ലൂസേഴ്സ് മത്സരത്തിൽ സെന്റ് പയസ് ഒന്നും ആയാപറമ്പ് പാണ്ടി രണ്ടും ദേവസ് മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി. ഹോം മിനിസ്റ്റർ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിൽ ചെറുതന ചുണ്ടൻ ഒന്നാമതെത്തി. വെപ്പു വള്ളങ്ങളുടെ മത്സരത്തിൽ പുന്നത്ര വെങ്ങാഴിക്കാണ് ഒന്നാം സ്ഥാനം.
മന്ത്രി പി. പ്രസാദ് മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു. കരുവാറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് പതാക ഉയർത്തി. എ.എം. ആരിഫ് എം.പി സമ്മാനദാനം നടത്തി. ജലോത്സവ സമിതി സെക്രട്ടറി അഡ്വ. എം.എം. അനസ് അലി സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു റിപ്പോർട്ടും അവതരിപ്പിച്ചു. എസ്. ഗോപാലകൃഷ്ണൻ മാസ് ഡ്രില്ലിന് നേതൃത്വം നൽകി. സി.ബി.എൽ സംസ്ഥാന ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളായ ആർ.കെ. കുറുപ്പ്, ജോയിക്കുട്ടി ജോസ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.എസ്. താഹ, എ. ശോഭ, ബ്ലോക്ക് പഞ്ചായത്തംഗം ആർ. സ്നേഹ, സി.കെ. സദാശിവൻ, കെ.കെ. ഷാജു, ഷാജി കരുവാറ്റ, പി.വി. ജയപ്രസാദ്, വി. രാജു എന്നിവർ പങ്കെടുത്തു.