t
ഭാരത് ജോഡോ യാത്ര ഇന്നലെ രാവിലെ ഹരിപ്പാട്ടുനിന്ന് ആരംഭിച്ചപ്പോൾ ഇരുവശത്തും കൂടിനിന്നവരെ അഭിവാദ്യം ചെയ്യുന്ന രാഹുൽ ഗാന്ധി. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ തുടങ്ങിയവരും മുൻ നിരയിൽ

ആവേശത്തിരയിൽ ഭാരത് ജോഡോ യാത്ര

ഹരിപ്പാട്: ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ രണ്ടാം ദിവസത്തെ പര്യടനം ഇന്നലെ ഹരിപ്പാട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തു നിന്ന് ആരംഭിച്ചു.

രാവിലെ 6.30ന് തുടങ്ങിയ യാത്രയിൽ ആയിരങ്ങൾ അണിനിരന്നു. ദേശീയപാതയിലൂടെ നീങ്ങിയ യാത്ര കാണാനും രാഹുൽ ഗാന്ധിയെ അഭിവാദ്യം ചെയ്യുവാനുമായി ഇരുവശത്തും ജനം തടിച്ചുകൂടി. ഇവരെ കൈ ഉയർത്തി വീശി അഭിവാദ്യം ചെയ്താണ് രാഹുൽ നീങ്ങിയത്. കുട്ടികളെയും അമ്മമാരെയും അടുത്തേക്ക് വിളിച്ചു സംസാരിച്ചു. ചിത്രങ്ങൾ പകർത്താനും അവസരം നൽകി. നാരകത്തറയിലെത്തിയപ്പോൾ അടുത്തേക്ക് വന്ന പ്രവർത്തകനെ സുരക്ഷാ ഉദ്യോഗസ്ഥർ പിടിച്ചു മാറ്റുന്നത് കണ്ട രാഹുൽ അദ്ദേഹത്തെ അടുത്തേക്ക് വിളിച്ചു സംസാരിച്ചതും ശ്രദ്ധേയമായി.

പാതയ്ക്ക് ഇരു വശങ്ങളിലും വിവിധ വാദ്യമേളങ്ങളും കലാപരിപാടികളും അരങ്ങേറി. യാത്രയിൽ മൂന്ന് കുതിര സവാരിക്കാരും അനുഗമിച്ചു. യാത്ര കരുവാറ്റ കെ.എസ്. ഇ.ബിക്ക് സമീപം എത്തിയതോടെ രാഹുൽ ഗാന്ധി തൊട്ടടുത്ത ചായക്കടയിലേക്ക് കയറി. ചായയും പൊറോട്ടയും മുട്ടക്കറിയും കഴിച്ച ശേഷമാണ് യാത്ര തുടർന്നത്. കരുവാറ്റയിൽ യു.ഡി.എഫ് ഹരിപ്പാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, കരിമണൽ ഖനനം അവസാനിപ്പിക്കാൻ അടിയന്തിരമായി ഇടപെടണമെന്നുള്ള നിവേദനം നൽകി.

തോട്ടപ്പള്ളി ജംഗ്ഷനിൽ നിന്നു നൂറ് കണക്കിന് ആളുകൾ കൂടി യാത്രയിൽ ചേർന്നു. കായലിൽ ഭാരത് ജോഡോ യാത്രയുടെ ഗാനങ്ങളും പരസ്യ ബോർഡുകളുമായി നീങ്ങിയ യാത്രാ ബോട്ടും ശ്രദ്ധേയമായി. രാവിലെ 9.45 ഓടെ ഒറ്റപ്പനയിൽയാത്ര അവസാനിച്ചു. ഇവിടെ കുരുട്ടൂർ ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്താൻ വേണ്ടി സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയെങ്കിലും രാഹുൽ ഗാന്ധി വാഹനത്തിൽ മടങ്ങി.