ആലപ്പുഴ: ആലപ്പുഴ നഗരത്തിന്റെ മുഖഛായ മാറ്റാനുള്ള 'വരമൊഴി' ചിത്രരചനയുടെ ആദ്യഘട്ടം പൂർത്തിയായി. കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ മേൽനോട്ടത്തിൽ ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായാണ് നഗരത്തിലെ പ്രധാന ചുവരുകളെല്ലാം ചിത്രങ്ങളാൽ ആലേഖനം ചെയ്തിരിക്കുന്നത്. ലോകമേ തറവാട് ആലപ്പുഴയ്ക്ക് സമ്മാനിച്ച കലാദിനങ്ങളെ വീണ്ടും അനുസ്മരിപ്പിക്കും വിധമാണ് ചുവർചിത്രങ്ങൾ. പൊതുസ്ഥലങ്ങളിലെ കൂറ്റൻ ചുമരുകളിൽ കാഴ്ചയുടെ വിസ്മം ഒരുക്കാൻ ചിത്രകാരി അൻപു വർക്കി മുതൽ കലാ വിദ്യാർത്ഥികൾ വരെ അണിനിരന്നിരുന്നു. ആലപ്പുഴയുടെ പൈതൃകം വിളിച്ചോതുന്നതും പഴയകാല ഓർമ്മകളെ അനുസ്മരിപ്പിക്കുന്നതുമായ ചിത്രങ്ങളാണ് ഒരുങ്ങിയിരിക്കുന്നത്. എൻ.സി ജോൺ കമ്പനിയുടെ മതിൽ, എസ്.ഡി.വി സ്കൂൾ മതിൽ, കല്ലുപാലത്തിന് വശങ്ങൾ, ലൈറ്റ് ഹൗസിന് സമീപം സ്പോർട്സ് കൗൺസിലിന്റെ മതിൽ തുടങ്ങിയ ഇടങ്ങളിലാണ് കൂറ്റൻ ചിത്രങ്ങളുടെ വിസ്മയം. ആർടിസ്റ്റുകളായ മോന ഇസ, ആന്റോ ജോർജ്, ശിൽപ്പ മേനോൻ, കാജൽ ദത്ത്, ബ്ലൈസ് ജോസഫ്, സുദർശന.ബി.ഷേണായി, പി.ശ്രുതി, ടി.എം.അശ്വതി, ജെ.അമൃത, എ.കെ.വസുന്ധര, കാവ്യ.എസ്.നാഥ്, പ്രണവ് പ്രഭാകരൻ, ജിനിൽ മണികണ്ഠൻ, അർജുൻ ഗോപി, കെ.വിഷ്ണു, പ്രിയൻ തുടങ്ങിയവരാണ് നഗരത്തിലെ ചുവരുകളെ കലകൊണ്ട് മനോഹരമാക്കിയത്. എമൻഷൻ അടക്കമുള്ള മാധ്യമങ്ങൾ ഉപയോഗിച്ചാണ് പെയിന്റിംഗ് പൂർത്തിയാക്കിയത്.
.......
മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെയും ആലപ്പുഴ നഗരസഭയുടെ കനാൽ സൗന്ദര്യവത്ക്കരണത്തിന്റെയും ഭാഗമായാണ് നഗരത്തിലെ പ്രധാന ചുവരുകൾ ചിത്രങ്ങൾ കൊണ്ട് മനോഹരമാക്കിയത്. നഗരത്തിന്റെ മുഖഛായ മാറ്റാനും സാംസ്കാരിക അടയാളമായി മാറാനും ഇത്തരം കലാസൃഷ്ടികൾക്ക് സാധിക്കും.
വി.എസ്. ബ്ലോഡ്സോ, ആർടിസ്റ്റ്, ലോകമേ തറവാട്