 
ആലപ്പുഴ: സംസ്ഥാനത്തെ തെരുവുനായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളുടെ പരിഭ്രാന്തി അകറ്റി അവബോധം നൽകാൻ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ, മൃഗസംരക്ഷണ വകുപ്പ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ എന്നിവർ സംയുക്തമായി ആലപ്പുഴ ബീച്ചിൽ 'രക്ഷ - റാബീസ് ബീച്ച് റൺ' സംഘടിപ്പിച്ചു. പി.പി. ചിത്തരജ്ഞൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
വളർത്തു നായ്ക്കളിൽ പേവിഷബാധ പ്രതിരോധ കുത്തിവെപ്പ്, ലൈസൻസിംഗ് എന്നിവയുടെ ആവശ്യകത പൊതുജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓട്ടം സംഘടിപ്പിച്ചത്. അരുമ മൃഗങ്ങളുമായി 2 കി. മീറ്റർ നടത്തം, 2 കി.മീറ്റർ, 5 കി.മീറ്റർ 10 കി.മീറ്റർ നടത്തം എന്നീ വിഭാഗങ്ങളിലാണ് ബീച്ച് റൺ സംഘടിപ്പിച്ചത്. കളക്ടർ വി.ആർ.കൃഷ്ണ തേജ സമ്മാനദാനം നിർവഹിച്ചു.
ലോക പേവിഷ ദിനമായ 28ന്റെ പ്രാധാന്യം പൊതുജനങ്ങളെ അറിയിക്കുന്നതിന്റെ ഭാഗമായി താലൂക്ക് തലത്തിലും ജില്ലാ തലത്തിലും സ്‌കൂൾ കുട്ടികൾക്കായി ബോധവത്കരണ ക്ലാസുകൾ, ജില്ലാതല ക്വിസ് മത്സരം, പോസ്റ്റർ ഡിസൈൻ മത്സരം, തെരുവ് നായ്ക്കൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് എന്നീ വിവിധ പരിപാടികൾ സംസ്ഥാന തലത്തിൽ നടത്തുന്നുണ്ട്. ചടങ്ങിൽ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഡി.ബീന അദ്ധ്യക്ഷത വഹിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.എസ് ബിന്ദു, ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഡോ.ജോർജ് വർഗീസ്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ അംഗം ഡോ.കെ.കെ.ബേബി, ഒളിമ്പിക് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.ജി.വിഷ്ണു, ഡോ.അബ്ദുൾ ജലീൽ, മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ, രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.