 
അശാസ്ത്രീയ സിഗ്നൽ കുരുക്ക് മുറുക്കി
മാന്നാർ: ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം മാന്നാറിൽ സ്ഥാപിച്ച ട്രാഫിക് സിഗ്നലുകൾ കൂടുതൽ ഗതാഗതക്കുരുക്കിന് കാരണമായെന്ന് പരാതി. ലൈറ്റുകളുടെ അശാസ്ത്രീയ ക്രമീകരണവും ബസുകളുടെ അനിയന്ത്രിത പാർക്കിംഗുമാണ് തിരക്കിനും കുരുക്കിനും കാരണമാകുന്നത്.
എം.സി റോഡിനും ദേശീയപാതയ്ക്കും സമാന്തരമായുള്ള കായംകുളം- തിരുവല്ല സംസ്ഥാന പാതയിൽ മാന്നാർ പരുമലക്കടവ്, തൃക്കുരുട്ടി മഹാദേവർ ക്ഷേത്ര ജംഗ്ഷൻ, സ്റ്റോർ ജംഗ്ഷൻ എന്നിവിടങ്ങളിലാണ് രണ്ടു വർഷം മുൻപ് സജി ചെറിയാൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടുപയോഗിച്ച് സിഗ്നൽ സംവിധാനം സ്ഥാപിച്ചത്. ഇവിടെ സിഗ്നൽ അവശ്യ ഘടകമാണെങ്കിലും അനുബന്ധ ക്രമീകരണങ്ങൾ ഏർപ്പെടുത്താത്തതാണ് കൂടുതൽ കുരുക്കിലേക്ക് നയിക്കുന്നത്. സ്റ്റോർമുക്ക് മുതൽ പന്നായി പാലം വരെയുള്ള രണ്ട് കിലോമീറ്റർ എപ്പോഴും ഗതാഗതക്കുരുക്കിലാണ്. സ്കൂൾ- കോളജ് പ്രവൃത്തിദിനങ്ങളിൽ തിരക്കും കുരുക്കും രൂക്ഷമാകും.
പരുമലക്കടവിലെ ട്രാഫിക് സംവിധാനമാണ് കൂടുതൽ പരാതികൾക്ക് കാരണമായിട്ടുള്ളത്. ഇവിടെ ബസ്-വേ സൗകര്യം ഇല്ലാത്തതിനാൽ ബസുകൾ തോന്നുംപടിയാണ് നിറുത്തുന്നതും ആളുകളെ കയറ്റി ഇറക്കുന്നതും.
# ആംബുലൻസുകളും കുടുങ്ങുന്നു
രണ്ടുവരി പാതയുടെ ഒരു വരി പൂർണമായും തടസപ്പെടുന്ന രീതിയിൽ ബസുകൾ നിറുത്തിയിടുന്നതിനാൽ ഗതാഗതക്കുരുക്കിൽപ്പെട്ട വാഹനങ്ങളുടെ നീണ്ട നിര തന്നെയുണ്ടാവും. തിരക്കേറിയ റോഡിന്റെ ഇരുവശവും പാർക്കിംഗ് വാഹനങ്ങൾ കൂടി നിറയുന്നതോടെ ടൗണിലെ ഗതാഗതക്കുരുക്ക് മണിക്കൂറുകളോളം നീളും. പലപ്പോഴും അപകടങ്ങളും ഉണ്ടാകുന്നു. ആംബുലൻസുകളും ഇവിടെ കുടുങ്ങുന്നത് പതിവാണ്.
ഏറെ തിരക്കുള്ള രാവിലെയും വൈകിട്ടും പൊലീസിന്റെയോ ഹോം ഗാർഡിന്റെയോ സേവനം ലഭ്യമാക്കണം. മാന്നാറിൽ സർവീസ് അവസാനിക്കുന്ന ബസുകൾ ട്രാഫിക് സിഗ്നലിൽ ചുറ്റിത്തിരിക്കുന്ന പ്രവണത അവസാനിപ്പിക്കണം
(സുധീർ എലവൺസ്, സി.പി.ഐ മാന്നാർ മണ്ഡലം കമ്മിറ്റിയംഗം)
ബസുകളിൽ ആളുകളെ കയറ്റി ഇറക്കുന്നതിന് നിശ്ചിത സ്ഥലം അനുവദിക്കുകയും അനധികൃത പാർക്കിംഗ് ഒഴിവാക്കുകയും വേണം. ഗതാഗതക്കുരുക്കിനെതിരെ പരാതികൾ പലതവണ നൽകിയിട്ടും ആവശ്യമായ നടപടികൾ കൈക്കൊള്ളാത്ത അധികൃതർക്കെതിരെ പ്രതിഷേധം സംഘടിപ്പിക്കും
(ഹരി കുട്ടമ്പേരൂർ, പ്രസിഡന്റ്, മാന്നാർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി )