തകഴി​യി​ലെ പൈപ്പ് മാറ്റാനുള്ള കരാർ കാലാവധി വീണ്ടും നീട്ടി​

ആലപ്പുഴ: തകഴിയിൽ ആലപ്പുഴ കുടിവെള്ള പദ്ധതിയിലെ ഗുണനിലവാരമില്ലാത്ത പൈപ്പ് മാറ്റി പകരം പൈപ്പ് സ്ഥാപിക്കുന്ന ജോലികൾ ഓണത്തിന് ശേഷം ആരംഭിച്ചെങ്കിലും മന്ദഗതിയിലായത് നാടി​ന് ദുരി​തമാകുന്നു. ഇടയ്ക്കിടെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയുമാണ് തടസമാവുന്നത്.

ഒരു മീറ്റർ വ്യാസമുള്ള എം.എസ് പൈപ്പ് 2.5 മീറ്റർ താഴ്ചയിലാണ് ഇടുന്നത്. കുഴിയിൽ വെള്ളക്കെട്ട് രൂപപെടുന്നതാണ് പൈപ്പ് സ്ഥാപിക്കുന്നതിൽ ഇപ്പോഴുള്ള പ്രധാന തടസം. ആഗസ്റ്റ് 30ന് ജോലികൾ പൂർത്തീകരിക്കാനാണ് തീരുമാനമെടുത്തിരുന്നത്. എന്നാൽ പലതവണ നിറുത്തി വയ്‌ക്കേണ്ടി വന്നതോടെയാണ് ഓണത്തിന് മുമ്പ് പൈപ്പ് മാറ്റം പൂർത്തിയാക്കാൻ കഴിയാതി​രുന്നത്. രണ്ടുമാസത്തെ സമയം കൂടി കരാറുകാരന് അനുവദിക്കാൻ വാട്ടർ അതോറിട്ടി തീരുമാനിച്ചു.

തകഴി കേളമംഗലം ഭാഗത്തെ ഗുണനിലവാരം ഇല്ലാത്ത 1525 മീറ്റർ പൈപ്പാണ് മാറ്റിസ്ഥാപിക്കേണ്ടത്. ആറുമാസം മുമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. 450 മീറ്റർ ഭാഗം ഒഴികെയുള്ളിടങ്ങളിൽ പുതിയ പൈപ്പ് സ്ഥാപിക്കുകയും ചെയ്തു .

ആലപ്പുഴ കുടിവെള്ള പദ്ധതി കമ്മി​ഷൻ ചെയ്ത ശേഷം ഇതുവരെ തകഴിയിൽ ഒന്നര കിലോമീറ്റർ നീളത്തിൽ 74 തവണയാണ് പൈപ്പ് പൊട്ടിയത്. ഓരോ തവണ പൈപ്പ് പൊട്ടുമ്പോഴും അറ്റകുറ്റപ്പണിക്കായി ലക്ഷങ്ങൾ ചെലവഴിക്കേണ്ടിവരും. ഇത് ഒഴിവാക്കാനും ആലപ്പുഴ നഗരത്തിലെയും സമീപ പഞ്ചായത്തുകളിലെയും ഒരു ലക്ഷം കുടുംബങ്ങൾക്ക് കുടിവെള്ള വിതരണം മുടങ്ങാതിരിക്കാനുമാണ് ഗുണനിലവാരം കുറഞ്ഞ പൈപ്പ് മാറ്റിയിടാൻ തീരുമാനിച്ചത്.

..............................................

മാറ്റി സ്ഥാപിക്കേണ്ടത്.............1525 മീറ്റർ

മാറ്റി സ്ഥാപിച്ചത്......................1075 മീറ്റർ

ഇനി മാറ്റാനുള്ളത്.....................450 മീറ്റർ