ആലപ്പുഴ: നഗരസഭ പ്രദേശത്തെ തെരുവ്‌നായ ശല്യം നേരിടാൻ 22 മുതൽ സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ് നടത്തും. നഗരസഭയുടെയും മൃഗ സംരക്ഷണ വകുപ്പിന്റെയും ആഭിമുഖ്യത്തിൽ ആദ്യഘട്ടത്തിൽ ഹോട്ട് സ്‌പോട്ടുകൾ കേന്ദ്രീകരിച്ചാണ് ഡ്രൈവ്. തുടർന്ന് നഗരപ്രദേശത്തെ മുഴുവൻ തെരുവ് നായ്ക്കളെയും വാക്‌സിനേറ്റ് ചെയ്യും.
വളർത്തു നായകൾക്ക് ലൈസൻസുംഏർപ്പെടുത്തി. ഇന്നു മുതൽ തദ്ദേശ സ്വയംഭരണ വകുപ്പ് സിറ്റിസൺ പോർട്ടൽ വഴിയോ അക്ഷയ സെന്റർ മുഖാന്തരമോ സിറ്റിസൺ പോർട്ടൽ വഴി സ്വന്തം നിലയ്ക്കോ ഓൺലൈനായി നായ്ക്കളുടെ ലൈസൻസിന് പൊതുജനങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം നായയുടെ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്, പേവിഷ ബാധയ്ക്കെതിരെയുള്ള വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് എന്നിവകൂടി സമർപ്പിക്കണം. സിറ്റിസൺ പോർട്ടലിൽ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, ഇൻറർനെറ്റ് ബാങ്കിംഗ്, യു.പി.ഐ എന്നീ മാർഗ്ഗത്തിൽ ലൈസൻസ് ഫീസ് അടയ്ക്കാൻ സാധിക്കും. ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുടെ സർട്ടിഫിക്കറ്റ് വിതരണം 30 മുതൽ നടത്തുമെന്ന് നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ ബീനരമേശ്, മുനിസിപ്പൽ സെക്രട്ടറി ബി.നീതുലാൽ, ഹെൽത്ത് ഓഫീസർ ഇൻ ചാർജ്ജ് ഹർഷിദ് എന്നിവർ അറിയിച്ചു.