ചേർത്തല: താലൂക്ക് മഹാസമാധി ദിനാചരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവന്റെ 95-ാമത് മഹാസമാധിദിനാചരണം 21 ന് ആചരിക്കും. രാവിലെ 10 ന് കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ ശ്രീനാരായണ ഗുരു മണ്ഡപത്തിൽ നിന്നുള്ള ദീപശിഖ ക്ഷേത്രം പ്രസിഡന്റ് സി.കെ.ഷാജിമോഹനിൽ നിന്നു ദിനാചരണ കമ്മറ്റി ചെയർമാൻ സി.കെ.വിജയഘോഷ് ചാരങ്ങാട്ട് ഏറ്റുവാങ്ങും.
തുടർന്ന് ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾ നയിക്കുന്ന ദീപശിഖ ആരംഭിക്കും.വിവിധയിടങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി ബോയ്സ് ഹൈസ്‌കൂളിൽ പ്രത്യേകം സജ്ജമാക്കിയ പ്രാർത്ഥനാ മണ്ഡപത്തിൽ സ്ഥാപിക്കും. വൈകിട്ട് 4 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്റി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും.സി.കെ.വിജയഘോഷ് ചാരങ്കാട്ട് അദ്ധ്യക്ഷത വഹിയ്ക്കും. സ്‌കൂൾ പ്രധാന അദ്ധ്യാപിക ടി.ലെജിമോൾ, നഗരസഭ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ,കൺവീനർ വി. പ്രവീൺ,പി.എം.പുഷ്‌കരൻ പുത്തൻകാവ് എന്നിവർ സംസാരിക്കും.
ചേർത്തല തെക്ക് തിരുവിഴ ശ്രീനാരായണ മഹാസമാധി ദിനാചരണ കമ്മിറ്റിയും ദിനാചരണം നടത്തും. രാവിലെ 7.30ന് പ്രസിഡന്റ് പ്രസന്നൻ പതാക ഉയർത്തും. തുടർന്ന് ഭാഗവത പാരായണം, 10ന് സംഗീതഭജന, 12ന് വിദ്യാഭ്യാസ കാഷ് അവാർഡ് വിതരണം, 12.30ന് അന്നദാനം. എസ്.എൻ.ഡി.പി യോഗം വയലാർ തെക്ക് 468-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ മഹാസമാധി ദിനാചരണം നടത്തും. രാവിലെ 9.30ന് പ്രാർത്ഥന ഉപവാസം, 10.30ന് മഹാസമാധി ദിനാചരണ സമ്മേളനം ചേർത്തല യൂണിയൻ മുൻ പ്രസിഡന്റ് കെ.പി.നടരാജൻ ഉദ്ഘാടനം ചെയ്യും.ശാഖ പ്രസിഡന്റ് ആർ.തിലകപ്പൻ അദ്ധ്യക്ഷത വഹിക്കും.റെജി ഓയാസീസ് ഗുരുദേവ പ്രഭാഷണം നടത്തും.എസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം പി.എൻ.നടരാജൻ സമ്മാനദാനം നിർവഹിക്കും.ശാഖ സെക്രട്ടറി എം.അശോകൻ സ്വാഗതവും വൈസ് പ്രസിഡന്റ് എൻ.ഷിബു നന്ദിയും പറയും.വൈകിട്ട് 4ന് മൗനമഹാജാഥ.