parakkal
ശ്രീനാരായണ ഗുരുദേവൻ പാറയ്ക്കൽ സന്ദർശിച്ചതിൻ്റെ 108 -ാം വാർഷകത്തോടനുബന്ധിച്ച് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ പുണ്യതീർത്ഥ മണ്ഡപത്തിൽ സന്ദർശനം നടത്തിയപ്പോൾ

ചെങ്ങന്നൂർ: ശ്രീനാരായണ ഗുരുദേവന്റെ സന്ദർശനംകൊണ്ട് പുണ്യ കേന്ദ്രമായ പാറയ്ക്കലിൽ അടിസ്ഥാന സൗകര്യ വികസനത്തിന് കേന്ദ്ര സഹായം അഭ്യർത്ഥിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ പാറയ്ക്കൽ സന്ദർശിച്ചതിന്റെ 108 -ാം വാർഷികത്തോടനുബന്ധിച്ച് ഇവിടം സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ പാറയ്ക്കലിനെ ആത്മീയ തലസ്ഥാനമായി പ്രഖ്യപിച്ച് വിപുലമായ വികസന പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്. ചെങ്ങന്നൂരിന്റെ വിവിധ പ്രദേശങ്ങൾ സന്ദർശിച്ച ഗുരുദേവൻ പാറയ്ക്കലെത്തി അരയാൽ ചുവട്ടിൽ വിശ്രമിക്കുകയും ഇവിടെ നീരുറവ സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഗുരുദേവ ഭക്തർ പവിത്രമായി കരുതുന്ന നീരുറവയും തീർത്ഥക്കുളവും ഗുരുക്ഷേത്രവും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. ശ്രീനാരായണ സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ പാറയ്ക്കലിനെയും ഗുരുദേവൻ സന്ദർശനം നടത്തിയ മറ്റ് കേന്ദ്രങ്ങളെയും ബന്ധിപ്പിച്ച് വിപുലമായ വികസന പദ്ധതികൾ നടപ്പിലാക്കാൻ ആവശ്യമായ ഇടപെടൽ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബി.ഡി.ജെ.എസ് ജില്ലാ ട്രഷറർ മോഹനൻ കൊഴുവല്ലൂർ, ശ്രീനാരായണ ധർമ്മസേവാസംഘം ട്രസ്റ്റ് വൈസ് പ്രസിഡന്റ് സന്തോഷ് കാരയ്ക്കാട്, സെക്രട്ടറി പി.എൻ വിജയൻ, കമ്മിറ്റി അംഗങ്ങളായ ചന്ദ്രപ്രകാശ്, ഗിരിജിത്ത്, ക്ഷേത്രം ശാന്തി സുരേന്ദ്രൻ എന്നിവർ ചേർന്ന് കെ.സുരേന്ദ്രനെ സ്വീകരിച്ചു. ബി.ജെ.പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ, ജില്ലാ പ്രസിഡന്റ് എം.വി ഗോപൻ, മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട്, ജനറൽ സെക്രട്ടറി അനിഷ് മുളക്കുഴ , ഗ്രാമ പഞ്ചായത്ത് അംഗം പുഷ്പകുമാരി, കെ. അർ അനന്ദൻ, വി.എൻ സുരേന്ദ്രൻ, വിനിജ സുനിൽ, എസ്.പി സുനിൽ കുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.