ph
വീടിന്റെ താക്കോൽദാനം എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.നിർവഹിച്ചു

കായംകുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയുടെ സ്മരണാർത്ഥം വള്ളികുന്നത്തെ കോൺഗ്രസ്,യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ മുൻ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റായിരുന്ന വാളാച്ചാൽ തണ്ടളത്ത് വീട്ടിൽ താഹാകുഞ്ഞിന്, നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാനം എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി.നിർവഹിച്ചു.

യാത്രയ്ക്കിടെ കായംകുളത്ത് വച്ചാണ് താക്കോൽ കൈമാറിയത്.സാമ്പത്തിക പ്രതിസന്ധി മൂലം സ്വന്തമായുണ്ടായിരുന്ന വീടും സ്ഥലവും വിൽക്കേണ്ടിവന്ന താഹാക്കുഞ്ഞ് കഴിഞ്ഞ ആറ് വർഷക്കാലമായി വയലിനു സമീപം നാല് സെന്റ് സ്ഥലം വാങ്ങി ഷെഡ്കെട്ടി താമസിച്ചു വരികയായിരുന്നു.ഇതിനിടെ രോഗബാധിതനായ സഹപ്രവർത്തകന്റെ അവസ്ഥ മനസിലാക്കിയ സഹപ്രവർത്തകർ ഭവന നിർമ്മാണത്തിനായി സമിതി രൂപീകരിച്ച് വീട് വച്ച് നൽകുകയായിരുന്നു.

യാത്രയുടെ സ്മരണാർത്ഥം സഹപ്രവർത്തകന് വീട് നിർമ്മിച്ചു നൽകിയത് സംബന്ധിച്ച വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ട രാഹുൽ ഗാന്ധി കായംകുളം ഗസ്റ്റ് ഹൗസിൽ താഹാകുഞ്ഞിനോട് കുശലങ്ങൾ അന്വേഷിച്ചും വള്ളികുന്നത്തെ കോൺഗ്രസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അഭിനന്ദിച്ചുമാണ് യാത്ര തുടർന്നത്. താക്കോൽ ദാനചടങ്ങിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.കെ.പി.ശ്രീകുമാർ,ഈ.സമീർ ബി.രാജലക്ഷ്മി,എ.ജെ. ഷാജഹാൻ,ജി.രാജീവ് കുമാർ എന്നിവർ പങ്കെടുത്തു.