 
മാന്നാർ ടൗണിലെ ട്രാഫിക് ഐലൻഡ് നോക്കുകുത്തി
മാന്നാർ: ജാതിമത, രാഷ്ട്രീയ വിത്യാസങ്ങളില്ലാതെ കൊടിതോരണങ്ങളും ഫ്ലക്സുകളും സ്ഥാപിക്കാനായി ഈ ട്രാഫിക് ഐലൻഡ് മാറിയിട്ട് വർഷങ്ങളായി. മാന്നാർ ടൗണിന്റെ ഹൃദയഭാഗമായ പരുമലക്കടവിലെ ട്രാഫിക് ഐലൻഡിനാണ് ദുർഗതി.
മാന്നാർ ടൗണിലെ ഗതാഗതം നിയന്ത്രിക്കാനെത്തുന്ന ട്രാഫിക് പൊലീസിന് മഴയും വെയിലുമേൽക്കാതെ കയറി നിൽക്കാൻ മൂന്ന് പതിറ്റാണ്ടു മുൻപ് ലയൺസ് ക്ലബ് നിർമ്മിച്ച് നൽകിയതാണ് ട്രാഫിക് ഐലൻഡ്. പരുമലക്കടവിൽ ട്രാഫിക് ഇതു നിർമ്മിക്കുമ്പോൾ മാന്നാറിൽ വാഹനങ്ങളുടെ ബാഹുല്യം കുറവായിരുന്നു. അന്ന് ഇവിടെ നിന്ന് പൊലീസിന് ഗതാഗതം നിയന്ത്രിക്കാൻ കഴിയുമായിരുന്നു. അതിനാൽ അക്കാലത്ത് ഏറെ പ്രതാപത്തോടെയാണ് ഐലൻഡ് തല ഉയർത്തി നിന്നത്. തുടക്കത്തിൽ ഇത് പ്രയോജനപ്പെടുകയും ചെയ്തു. പിന്നീട് വാഹനങ്ങളുടെ എണ്ണവും ഗതാഗതത്തിരക്കും ഏറിയതോടെ ട്രാഫിക് ഐലൻഡിന്റെ ഉപയോഗം ഇല്ലാതായി. രണ്ടുവർഷം മുൻപ് ഇവിടെ സിഗ്നൽ ലൈറ്റുകൾ കൂടി വന്നതോടെ പ്രതാപം നഷ്ടപ്പെട്ടു. ഇതോടെ ട്രാഫിക് ഐലൻഡ് വിവിധരാഷട്രീയ പാർട്ടികളുടെയും സംഘടനകളുടെയും കൊടിതോരണങ്ങൾ കെട്ടാനും കയറി നിന്ന് പ്രസംഗിക്കാനുമുള്ള വേദിയായി മാറി.
ട്രാഫിക് ഐലൻഡ് കാണാൻ പോലും കഴിയാത്ത വിധത്തിലാണ് കൊടിതോരണങ്ങൾ കൊണ്ട് മൂടിയിരിക്കുന്നത്. മാന്നാറിലും സമീപ പ്രദേശങ്ങളിലുമുള്ള വിവിധ പരിപാടികളുടെ പരസ്യ പ്രചരണാർത്ഥമുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കാനും ഈ ട്രാഫിക് ഐലൻഡിനെയാണ് ആശ്രയിക്കുന്നത്. ഇവയുടെ മറവ് കാരണം പരുമല ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾക്ക് പ്രധാന പാതയിലൂടെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാതെ അപകടം ഉണ്ടാവാറുണ്ട്. പൊതു സ്ഥലങ്ങളിൽ കൊടിതോരണങ്ങൾ പാടില്ലെന്ന കോടതി നിർദ്ദേശവും ഇവിടെ കാറ്റിൽപ്പറക്കുന്നു.