ആലപ്പുഴ: മഴ മാറിയതോടെ നഗരത്തിൽ പാതിവഴിയിൽ മുടങ്ങിക്കിടക്കുന്ന റോഡുകളുടെ നിർമ്മാണം പുനരാരംഭിക്കാൻ തയ്യാറായി പൊതുമരാമത്ത് വകുപ്പ് അധികൃതർ. പ്രതികൂല കാലാവസ്ഥക്ക് പുറമേ നിർമ്മാണ ജോലികളുമായി ബന്ധപ്പെട്ട് ആദ്യം തയ്യാറാക്കിയ എസ്റ്റിമേറ്റിൽ ഉൾപ്പെടാതിരുന്ന പദ്ധതികൾ കൂടി ചേർത്ത് എസ്റ്റിമേറ്റ് പുതുക്കി, വകുപ്പിന്റെയും സർക്കാരിന്റെയും അംഗീകാരം ലഭിക്കാനുണ്ടായ കാലതാമസമാണ് നിർമ്മാണ ജോലികൾ ഇഴയാൻ കാരണം .കാലാവസ്ഥ അനുകൂലമായാൽ രണ്ട് മാസം കൊണ്ട് നിർമ്മാണ ജോലികൾ പൂർത്തിയാക്കി നഗരത്തിൽ സുഗമമായ സഞ്ചാരത്തിന് വഴിയൊരുക്കാനാണ് പദ്ധതി. വൈറ്റ് ടോപ്പിംഗിന്റെ കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ച റോഡുകളുടെ ഇരുവശത്ത് സ്ലാബോടുകൂടിയ കാന, ടൈൽപാകൽ എന്നിവ പൂർത്തീകരിക്കണം. പണികൾ നടത്തുന്നതിന് അധികാരികൾ അലംഭാവം കാട്ടിയതിനെതിരെ വ്യാപാരികളും രാഷ്ട്രീയപാർട്ടി നേതാക്കളും വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു. ഈ റോഡുകളിലൂടെ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. കഴിഞ്ഞ മാസം ഒരു സർക്കാർ ഉദ്യോഗസ്ഥൻ സഞ്ചരിച്ച ഇരുചക്രവാഹനം കാനയിൽ വീണ് ജീവൻ പൊലിഞ്ഞിരുന്നു. സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വൈറ്റ് ടോപ്പിംഗ് മോഡലിൽ റോഡ് നിർമ്മിക്കാൻ തുക അനുവദിച്ചത്.
.....................
# വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച റോഡുകൾ
മുല്ലയ്ക്കൽ ഗണപതി കോവിൽ മുതൽ സീറോ ജംഗ്ഷൻ വരെയും പഴവങ്ങാടി ജംഗ്ഷൻ മുതൽ പിച്ചുഅയ്യർ ജംഗ്ഷൻ വഴി വൈ.എം.സി.എ പാലം വരെയും കൈചൂണ്ടിമുക്കു മുതൽ കൊമ്മാടി വരെയും പുലയൻ വഴി മുതൽ വെള്ളക്കിണർ റോഡുകളുമാണ് വൈറ്റ് ടോപ്പിംഗ് നടത്തിയത്. കോൺക്രീറ്റ് ജോലികൾ പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ശേഷിച്ച പണികൾ തീർക്കാത്തതിനാലാണ് ഗതാഗതകുരുക്കിനും അപകടത്തിനും കാരണം. പുലയൻ വഴി മുതൽ വെള്ളക്കിണർ, പിച്ചുഅയ്യർ മുതൽ പഴവങ്ങാടി, ഗണപതി കോവിൽ സീറോ ജംഗ്ഷൻ, പിച്ചുഅയ്യർ വൈ.എം.സി.എ ജംഗ്ഷൻ വരെയുള്ള റോഡിന്റെ മദ്ധ്യഭാഗത്ത് കോൺക്രീറ്റ് ജോലികൾ പൂർത്തീകരിച്ചു.
"കാലാവസ്ഥ പ്രതികൂലമായാൽ രണ്ടുമാസത്തിനുള്ളിൽ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയ വൈറ്റ് ടോപ്പിംഗ് റോഡ് നിർമ്മണവും ടാറിംഗ് ജോലികളും മറ്റ് അനുബന്ധ ജോലികളും പൂർത്തികരിച്ച് സഞ്ചാരയോഗ്യമാക്കും. ഇടക്കിടെ പെയ്യുന്ന മഴയാണ് നിർമ്മാണ ജോലിക്ക് തടസം.
ഷാഫി, അസി. എൻജിനീയർ, റോഡ് ഡിവിഷൻ, ആലപ്പുഴ