ആലപ്പുഴ: എസ്.എൻ.ഡി.പി യോഗം അമ്പലപ്പുഴ യൂണിയനിൽ ശ്രീനാരായണ ഗുരുദേവന്റെ 95ാംമത് മഹാസമാധി ഭക്തിനിർഭരമായ ചടങ്ങുകളോടെ ഇന്ന് ആചരിക്കും. കിടങ്ങാംപറമ്പിലെ യൂണിയൻ ആസ്ഥാനത്ത് രാവിലെ 9ന് പ്രസിഡന്റ് പി.ഹരിദാസ് പതാക ഉയർത്തുന്നതോടെ മഹാസമാധി ആചരണത്തിന് തുടക്കമാകും. തുടർന്ന് പ്രത്യേകം തയ്യാറാക്കിയ ഗുരുമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം താലൂക്ക് വനിതാസംഘത്തിന്റെ നേതൃത്വത്തിൽ സമൂഹപ്രാർത്ഥന, ഗുരുഭാഗവത പാരായണം എന്നിവ നടക്കും. വൈകിട്ട് 3.30ന് കിടങ്ങാംപറമ്പ് എൽ.പി സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മന്മഥൻ മുണ്ടപ്ലാക്കൽ ഗുരുപ്രഭാഷണം നടത്തും. പ്രസിഡന്റ് പി.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ സ്വാഗതവും വൈസ് പ്രസിഡന്റ് ബി.രഘുനാഥ് നന്ദിയും പറയും. യൂണിയനിലെ 65 ശാഖകളിലും ഗുരുമന്ദിരങ്ങളിലും ഗുരുക്ഷേത്രങ്ങളിലും സമൂഹപ്രാർത്ഥന, ഗുരുപൂജ, പുഷ്പാർച്ചന, ഗുരു പ്രഭാഷണം, അനുസ്മരണ പ്രഭാഷണം, ഗുരു പുഷ്പാഞ്ജലി, പ്രസാദ വിതരണം, കഞ്ഞിവീഴ്ത്തൽ, ദീപക്കാഴ്ച എന്നിവ നടക്കുമെന്ന് സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ അറിയിച്ചു.