alfonsa-advocate
വക്കീലായി എൻറോൾ ചെയ്ത അൽഫോൻസ കെന്നഡി മാതാപിതാക്കൾക്കൊപ്പം

മാന്നാർ: തന്റെ മകൾ വക്കീലാകുമെന്ന് നാട്ടുകാരോടും ബന്ധുക്കളോടും കെന്നഡി ആന്റണി നടത്തിയ വീമ്പു പറച്ചിലിന് ഫലം കണ്ടു. ഇനി അൽഫോൻസ അറിയപ്പെറുന്നത് അഡ്വ.അൽഫോൻസ എന്നാണ്. ഒരു മകൾക്ക് അച്ഛന് നൽകാനാകുന്ന സ്നേഹ സമ്മാനംമാണ് കെന്നഡിക്ക് നൽകിയത്. 'വക്കീൽക്കുപ്പായം'. മാന്നാർ മുല്ലശ്ശേരിക്കടവിൽ പുതുവൽ പുത്തൻവീട്ടിൽ കെന്നഡി ആന്റണി-മണിയമ്മ ദമ്പതികളുടെ മകൾ അൽഫോൻസ കെന്നഡി (25) കേരള ഹൈക്കോടതിയിൽ വക്കീലായി എൻറോൾ ചെയ്തതോടെ അച്ഛന്റെ സ്വപ്നം യാഥാർത്ഥ്യമാവുകയായിരുന്നു. മത്സ്യക്കച്ചവടത്തിൽ നിന്നും ലഭിക്കുന്ന തുച്ചമായ വരുമാനം കൊണ്ട് ജീവിതം തളളി നീക്കുമ്പോഴും തന്റെ മക്കൾ പഠിച്ച് ഉന്നതിയിലെത്തണമെന്നായിരുന്നു കെന്നഡി ആന്റണിയുടെ ആഗ്രഹം. അതിനായി മക്കളുടെ ഇഷ്ടമനുസരിച്ചുള്ള വിദ്യാഭ്യാസത്തിനായി വേണ്ടതെല്ലാം ചെയ്തു. രണ്ടു മക്കളാണ് കെന്നഡി ആന്റണിക്കുള്ളത് . മൂത്ത മകൻ ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് പ്രസിഡന്റ് കെബിൻ കെന്നഡി. പരുമല ദേവസ്വം ബോർഡ് പമ്പാകോളേജിൽ നിന്നും സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയ അൽഫോൻസ തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്നുമാണ് എൽ.എൽ.ബി പാസായത്. കഴിഞ്ഞ ഞായറാഴ്ചയാണ് കേരള ഹൈക്കോടതി ബാർ കൗൺസിലിനു മുമ്പാകെ വക്കീലായി എൻറോൾ ചെയ്തത്.