ആലപ്പുഴ: തെരുവ് നായ്ക്കളുടെ വന്ധ്യംകരണ പദ്ധതി നടപ്പാക്കാൻ പൊതുവിഭാഗം വികസനഫണ്ട്, ധനകാര്യ കമ്മിഷൻ ബേസിക് ഗ്രാന്റ്, തനത് ഫണ്ട് വിഹിതം എന്നിവ ഉപയോഗിക്കാൻ ആലപ്പുഴ നഗരസഭയുടെ അടിയന്തിര കൗൺസിൽ യോഗം തീരുമാനിച്ചു.
തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണാൻ ജന്തു ക്ഷേമ ബോർഡിന്റെ അംഗീകാരമുള്ള ഏജൻസികളെ കണ്ടെത്താൻ താത്പര്യ പത്രം ക്ഷണിച്ചു. ഈ മാസം 26നുള്ളിൽ ഏജൻസികളെത്തിയില്ലെങ്കിൽ വെറ്ററിനറി ഡോക്ടറുടെ മേൽ നോട്ടത്തിൽ നായ പിടിത്തക്കാരെ ഉപയോഗിച്ച് പദ്ധതി നടപ്പാക്കും. നായ്ക്കളെ പാർപ്പിക്കാൻ ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ഷെൽട്ടർ, ശസ്ത്രക്രിയയ്ക്കാവശ്യമായ മരുന്ന്, ഉപകരണങ്ങൾ തുടങ്ങിയവ ഒരുക്കുന്നതിന്റെ ചുമതലകൾ നഗരസഭ വഹിക്കും. നഗരസഭ ചെയർപേഴ്‌സൺ സൗമ്യരാജ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബീനരമേശ്, കക്ഷി നേതാക്കളായ എം.ആർ. പ്രേം, റീഗോരാജു, ഹരികൃഷ്ണൻ കൗൺസിലർമാരായ എ.എസ്. കവിത, എൽജിൻ റിച്ചാർഡ്, എ.മെഹബൂബ്, സെക്രട്ടറി ബി.നീതുലാൽ, ഹെൽത്ത് ഓഫീസർ ഇൻചാർജ് ബി.ഹർഷിദ് എന്നിവർ സംസാരിച്ചു.
# സ്പെഷ്യൽ ഡ്രൈവ്
മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ സ്‌പെഷ്യൽ വാക്‌സിനേഷൻ ഡ്രൈവ് നാളെ ആലപ്പുഴ ബീച്ചിൽ ആരംഭിക്കും. വീടുകളിൽ വളർത്തുന്ന എല്ലാ നായ്ക്കൾക്കും മൃഗാശുപത്രി വഴി സൗജന്യമായി വാക്‌സിനേഷനും ലൈസൻസ് നടപടികളും ഉറപ്പാക്കും. നായ്ക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന പ്രവണതയ്ക്കെതിരെ ബോധവത്കരണം നടത്തും. ഓപ്പറേഷൻ തിയേറ്ററുമായി ബന്ധപ്പെടുന്നവർ, നായ പിടിത്തക്കാർ എന്നിവർക്ക് ആന്റി റാബിസ് വാക്‌സിനേഷൻ ഉറപ്പാക്കും.
..........................
വാക്‌സിനേഷൻ - 10 ലക്ഷം രൂപ
ഐ.ഇ.സി പ്രവർത്തനങ്ങൾ - 2 ലക്ഷം
ഷെൽട്ടർ നവീകരണത്തിന് ജില്ലാപഞ്ചായത്തിനു വിഹിതം - 5 ലക്ഷം
................
# ബഹിഷ്‌കരിച്ച് പ്രതിപക്ഷം
തെരുവ് നായ്ക്കളുടെ ഗൗരവമേറിയ വിഷയം ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത അടിയന്തിര കൗൺസിലിൽ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സണും ഹെൽത്ത് ഓഫീസറും പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭ യോഗം ബഹിഷ്കരിച്ചു. ഭരണപക്ഷ കൗൺസിലർമാരിൽ 11 പേർ മാത്രമാണ് പങ്കെടുത്തത്. പദ്ധതിയും പഠനവുമില്ലാതെ ലാഘവത്തോടെ തെരുവ് നായ്ക്കളുടെ വിഷയത്തെ അധികൃതർ സമീപിച്ചതായി പ്രതിപക്ഷം കുറ്റപ്പെടുത്തി. വ്യക്തമായ പദ്ധതി തയ്യാറാക്കി കൗൺസിൽ യോഗം വിളിച്ചു ചേർക്കണമെന്ന് കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ അഡ്വ. റീഗോ രാജു ആവശ്യപ്പെട്ടു.
ജനകീയ പ്രശ്‌നം ചർച്ച ചെയ്യാൻ വിളിച്ച് ചേർത്ത കൗൺസിൽ യോഗം ബഹിഷ്‌കരിച്ച പ്രതിപക്ഷ നിലപാട് അപക്വവും ജനങ്ങളോടുള്ള ഉത്തരവാദിത്വത്തിൽ നിന്നുള്ള ഒളിച്ചോട്ടവുമാണ്. പുതിയ സർക്കാർ ഉത്തരവ് വന്നതിനെ തുടർന്നാണ് കൗൺസിൽ യോഗം അടിയന്തിരമായി വിളിച്ച് ചേർത്തത്. ജനങ്ങളോടുള്ള വെല്ലുവിളിയാണ് പ്രതിപക്ഷത്തിന്റെ നടപടി
എം.ആർ പ്രേം (എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി),
ഡി.പി മധു