ആലപ്പുഴ: സാക്ഷരതാ മിഷനും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തിയ ഹയർ സെക്കൻഡറി തുല്യതാ കോഴ്‌സിൽ ജില്ലയിൽ 91 ശതമാനം വിജയം. എട്ട് സ്‌കൂളുകളിലായാണ് പരീക്ഷ നടന്നത്. 560 പേരാണ് രണ്ടാം വർഷ പരീക്ഷ എഴുതിയത്. ഇതിൽ 509 പേർ വിജയിച്ചു.
താമരക്കുളം വി.വി.എച്ച്.എസ്. സ്‌കൂളിൽ പരീക്ഷ എഴുതിയ ആദിക്കാട്ടുകുളങ്ങര മക്കാനവടക്കേത്തുണ്ടിൽ എസ്.ഷംസീനയ്ക്ക് എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചു. മാവേലിക്കര ഗവ ഹയർ സെക്കൻഡറി സ്‌കൂളിൽ വീൽചെയറിൽ ഇരുന്ന് പരീക്ഷ എഴുതിയ ഗീതു ഗോപാലകൃഷ്ണനും മികച്ച വിജയം നേടി. ഒരു എ പ്ലസും മൂന്ന് എ യും രണ്ട് ബി പ്ലസും നേടിയാണ് ഗീതു വിജയിച്ചത്. കൊമേഴ്‌സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിൽ മാത്രമാണ് തുല്യതാ പരീക്ഷയുള്ളത്. ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷ എഴുതിയ 714 പേരിൽ 659 പേരും വിജയിച്ചു. വിജയികളെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി അഭിനന്ദിച്ചു.