
ചേർത്തല:താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പാതയോരത്തു രാത്രി പാർക്കുചെയ്യുന്ന വാഹനങ്ങളുടെ ബാറ്ററി മോഷണം സ്ഥിരമാക്കിയ യുവാവിനെ പൊലീസ് പിടികൂടി.തിരുവനന്തപുരം വിഴിഞ്ഞം കോട്ടപ്പുറം കടക്കളംകോളനിയിൽ രഞ്ജിത്ത്(28)ആണ് പിടിയിലായത്.ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം ബാറ്ററി മോഷണം കണ്ടെത്താൻ ചേർത്തല ഡിവൈ.എസ്.പി ടി.ബി വിജയന്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഉൗർജ്ജിതമാക്കിയിരുന്നു. ഈ സംഘമാണ് പ്രതിയെപിടികൂടിയത്.40 ഓളം ബാറ്ററികൾ ഇയാൾ വിറ്റതടക്കം കണ്ടെത്തിയിട്ടുണ്ട്. അന്വേഷണ സംഘം കഴിഞ്ഞ ഒരാഴ്ചയായി നടത്തിയ പ്രത്യേക നീക്കത്തിലാണ് യുവാവുകുടുങ്ങിയത്.വിവിധ വശങ്ങളില 250ഓളം സി.സി.ടി.വി കാമറാദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം രഞ്ജിത്തിലേക്കെത്തിയത്.ടാക്സി ഡ്രൈവറായ രഞ്ജിത്ത് ഓട്ടം കഴിഞ്ഞു തിരിച്ചുപോരുംവഴിയാണ് പാതയോരത്തെ വാഹനങ്ങളിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ചിരുന്നത്.മോഷ്ടിക്കുന്ന ബാറ്ററികൾ വിഴിഞ്ഞത്തെ വള്ളങ്ങൾക്കും ബോട്ടുകൾക്കുമായാണ് മറിച്ചുവിറ്റിരുന്നത്.
ചേർത്തല താലൂക്കിനു പുറമെ കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ഇയാൾ മോഷ്ടിച്ചിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.വിഴിഞ്ഞം സ്റ്റേഷനിലും ഇയാൾക്കെതിരെ മോഷണകേസുണ്ട്.
പ്രത്യേക അന്വേഷണ സംഘത്തിലെ ഗിരീഷ്,അരുൺകുമാർ,പ്രവീഷ്,ശ്രീക്കുട്ടൻ,നിതിൻ,അനീഷ്,ബൈജു എന്നിവരും പട്ടണക്കാട് എസ്.ഐ നിധിൻരാജ്,സി.പി.ഒ രഞ്ജിത്ത് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകിയത്.