 
അമ്പലപ്പുഴ: മഴക്കാലമല്ലെങ്കിലും മുട്ടറ്റം വെള്ളം നിറഞ്ഞുകിടക്കുന്ന റെയിൽവേ അടിപ്പാത നാടിനു ദുരിതമാകുന്നു. അമ്പലപ്പുഴ തെക്കു പഞ്ചായത്തിലെ അഞ്ചാം വാർഡിൽ പൂത്തറ പാലത്തിന് തെക്കുവശമുള്ള അടിപ്പാതയിലാണ് വെള്ളക്കെട്ട് ഒഴിയാത്തത്.
കാൽനട യാത്രക്കാരും ഇരുചക്ര, മുച്ചക്ര വാഹനങ്ങളും വല്ലാതെ വലയുകയാണ് ഈ ഭാഗത്ത്.
ഇവിടെ റെയിൽവെ കാന നിർമ്മിച്ചിട്ടുണ്ടെങ്കിലും അശാസ്ത്രീയ നിർമ്മാണം മൂലം പ്രയോജനപ്പെടുന്നില്ല. സമീപത്ത് 30 വർഷമായി കൃഷിയില്ലാത്ത, പടിഞ്ഞാറെ ഇല്ലം പാടത്ത് സ്ഥിരം വെള്ളമുള്ളതിനാൽ ഇവിടെ വെള്ളക്കെട്ട് ഒഴിയില്ല. ഒരു മഴ പെയ്താൽ ദുരിതം ഇരട്ടിക്കും. സമീപ പ്രദേശങ്ങളിലെ വെള്ളവും ഇവിടേക്കാണ് ഒഴുകിയെത്തുന്നത്. സ്ഥിരമായി മലിനജലത്തിൽ ചവിട്ടേണ്ടി വരുന്നതിനാൽ ത്വക്ക് രോഗങ്ങളും പ്രദേശവാസികളിൽ വ്യാപകമാണ്. റെയിൽവെ പാളത്തിന്റെ വടക്കേക്കരയിൽ അടിപ്പാതയുടെ പടിഞ്ഞാറ് ഭാഗത്തേക്ക് കരുമാടി തോട് വരെ 200 മീറ്ററോളം ഇടുങ്ങിയ വഴിയുണ്ടെങ്കിലും പായൽ പിടിച്ചും കാടുകയറിയും കിടക്കുന്നതിനാൽ അതു വഴിയുള്ള യാത്രയും ദുഷ്കരമാണ്. ആംബുലൻസ് ഓടാൻ പാകത്തിന് വീതി കൂട്ടിയിരുന്നെങ്കിൽ പ്രദേശത്തിനാകെ പ്രയോജനകരമാകുമെന്ന് നാട്ടുകാർ പറയുന്നു.
തീരദേശ പാതയിൽ ഹറ്റകർഛലകസരലയല അടിപ്പാതകളെല്ലാം വെള്ളം കയറാത്ത രീതിയിലാണ് നിർമ്മിച്ചിട്ടുള്ളത്. ഈ അടിപ്പാതയും വെള്ളം കെട്ടിക്കിടക്കാത്ത തരത്തിൽ പുനർ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അടിപ്പാതയിലെ വെള്ളക്കെട്ട് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ നാട്ടുകാർ അധികൃതർക്ക് നൽകിയിട്ടുണ്ട്. എ.എം. ആരിഫ് എം.പിക്ക് കഴിഞ്ഞ മാസം ഒന്നിന് പ്രദേശവാസികൾ മുഴുവൻ ഒപ്പിട്ട് കത്ത് നൽകിയിരുന്നു. നടപടി നീളുകയാണെങ്കിൽ സമരം സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രദേശവാസികൾ
കരുമാടി മോഹനൻ, പൊതു പ്രവർത്തകൻ