file
ഉദ്‌ഘാടനത്തിനു ശേഷം ആലപ്പുഴ ജനറൽ ആശുപത്രിയിലെ ആധുനിക ട്രോമാകെയർ യൂണിറ്റ് അന്നു മന്ത്രിയായിരുന്ന ജി.സുധാകരൻ സന്ദർശിക്കുന്നു (ഫയൽ ചിത്രം)

ജനറൽ ആശുപത്രിയിലെ ട്രോമാ കെയർ യൂണിറ്റ് നശിക്കുന്നു

ആലപ്പുഴ: ജനറൽ ആശുപത്രിയിൽ മൂന്നു വർഷം മുമ്പ് ഉദ്ഘാടനം ചെയ്ത ട്രോമാ കെയർ യൂണിറ്റ് പ്രവർത്തിപ്പിക്കാൻ ജീവനക്കാരില്ലാത്തതുമൂലം, ലക്ഷങ്ങൾ വിലപിടിപ്പുള്ള ഉപകരണങ്ങൾ നശിക്കുന്നു. ദേശീയപാതയോരത്തുള്ള ആശുപത്രി ആയതിനാൽ വാഹനാപകടങ്ങളിൽപ്പെടുന്നവരെ ദിവസേനയെത്തിക്കുന്നുണ്ടെങ്കിലും ഇവരുടെ ജീവന് ആദ്യ മിനുട്ടുകളിൽ കൈത്താങ്ങാവേണ്ട ട്രോമാകെയർ നോക്കുകുത്തിയാണ്.

സംസ്ഥാനത്തെ വിവിധ ആശുപത്രികളിലെ ട്രോമാകെയറുകളിലേക്ക് ജീവനക്കാരെ പൊതുവായി തിരഞ്ഞെടുത്തിട്ടുണ്ടെന്നാണ് നഗരസഭ അധികൃതർക്ക് സർക്കാരിൽ നിന്ന് ലഭിച്ച മറുപടി. അതത് ജില്ലകളിലേക്കുള്ള ജീവനക്കാരെ നിയോഗിച്ചുള്ള ഉത്തരവ് ഇറങ്ങിയാൽ മാത്രമേ ജനറൽ ആശുപത്രിയിലെ ട്രോമാ കെയറിനും ജീവൻ വയ്ക്കൂ. 2019ൽ ജനറൽ ട്രോമാകെയർ യൂണിറ്റ് ഉദ്ഘാടനം ചെയ്തപ്പോൾ, അപകട മരണ നിരക്ക് ഗണ്യമായി കുറയ്ക്കാനാവുമെന്നതായിരുന്നു പ്രതീക്ഷ. എന്നാൽ സർജൻമാരുടെ അടക്കമുള്ളവരുടെ തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്.

ആധുനിക ട്രോമാകെയറെന്ന പേരിൽ കെട്ടിടവും സജ്ജീകരണങ്ങളുമുണ്ടെങ്കിലും, വാഹനാപകട കേസുകളെല്ലാം ഇവിടെ നിന്ന് ആലപ്പുഴ മെഡി. ആശുപത്രിയിലേക്കാണ് റഫർ ചെയ്യുന്നത്. പഴയ ഓപ്പറേഷൻ തിയേറ്റർ പൊളിച്ചതിനാൽ ട്രോമാകെയർ കെട്ടിടം ശസ്ത്രക്രിയ മുറിയായിട്ടാണ് നിലവിൽ ഉപയോഗിക്കുന്നത്.

.......................

ആവശ്യമുള്ള ജീവനക്കാർ

# 4 സർജൻമാർ

# അനസ്തീഷ്യസ്റ്റ്

# സ്റ്റാഫ് നഴ്സ്

# നഴ്സിംഗ് അസിസ്റ്റന്റ്

......................

ആധുനിക ട്രോമാകെയർ യൂണിറ്റ് പണി പൂ‌ർത്തിയായി കിടക്കുകയാണ്. വിവിധ യൂണിറ്റുകളിലേക്കുള്ള സ്റ്റാഫിനെ പൊതുവായി തിരഞ്ഞെടുത്തിരിക്കുകയാണെന്നാണ് സർക്കാർ തലത്തിൽ നിന്ന് ലഭിച്ച മറുപടി. നിയമന ഉത്തരവ് വരുന്ന മുറയ്ക്ക് ജീവനക്കാരുടെ നിയമനമുണ്ടാകും

സൗമ്യരാജ്, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ