aaghi

പൂച്ചാക്കൽ: ചേർത്തല ചേന്നംപള്ളിപ്പുറം പഞ്ചായത്ത് ഏഴാം വാർഡ് സ്വാതി നിവാസിൽ ദിലീപിന്റെ മകൻ അഗിയെ (ബാലു- 21) പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് നാലിനായിരുന്നു സംഭവം. രാത്രി എട്ടോടെയാണ് വീട്ടിൽ വിവരമറിഞ്ഞത്. ദിലീപും രണ്ട് അമ്മാവൻമാരും ഇന്നലെ ഉച്ചയ്ക്ക് കോളേജിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് രാവിലെ നാട്ടിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്.

ബി.ടെക് ഡിസൈൻ ആൻഡ് ടെക്നോളജി കോഴ്സിൽ പ്രവേശനം ലഭിച്ച അഗി രണ്ടാഴ്ച മുമ്പാണ് പഞ്ചാബിൽ പഠനത്തിനെത്തിയത്. നിർദ്ധന കുടുംബാംഗമാണ്. കൂലിവേലക്കാരനാണ് അച്ഛൻ. ബാങ്കിലെ വായ്പ കുടിശ്ശികയെത്തുടർന്ന് പള്ളിപ്പുറത്തെ സ്വന്തം വീട് ജപ്തി ചെയ്തതിനാൽ തൃപ്പൂണിത്തുറയിൽ വാടകയ്ക്ക് താമസിക്കുകയാണ് കുടുംബം. പഠനത്തിൽ മിടുക്കനായിരുന്നു അഗി എന്നു നാട്ടുകാർ പറയുന്നു. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ചേന്നംപള്ളിപ്പുറം സ്വദേശിയായ അമ്മാവന്റെ വീട്ടിലേക്കാണ് കൊണ്ടുവരുന്നത്. മാതാവ്: സോണി. സഹോദരി: ആഗി.