photo
സെന്റ് മേരീസ് പാലം പുനർ നിർമ്മിക്കുന്നതിനായി പഴയ പാലം പൊളിക്കുന്ന ജോലികൾ ആരംഭിച്ചപ്പോൾ

ചേർത്തല: നഗര ഹൃദയത്തിലെ സെന്റ് മേരീസ് പാലത്തിന്റെ പുനർ നിർമ്മാണം നവീന മാതൃകയിൽ ആരംഭിച്ചു. പാലം പുതുക്കിപ്പണിയണമെന്ന ദീർഘകാലമായുള്ള ആവശ്യത്തി​നാണ് ഇതോടെ പരി​ഹാരമാവുന്നത്.

സംസ്ഥാന ബഡ്ജ​റ്റിൽ അനുവദിച്ച 6.33 കോടി രൂപ ചിലവഴിച്ചാണ് നിർമ്മാണം. എ-എസ് കനാലിൽ സ്വകാര്യ ബസ് സ്​റ്റാൻഡിന് തെക്ക് ഭാഗത്തെ അരനൂ​റ്റാണ്ടോളം പഴക്കമുള്ള പാലമാണ് പൊളിച്ചു മാറ്റി പുനർ നിർമ്മിക്കുന്നത്. യാത്രാപ്രധാന്യം ഏറെയുള്ള പാലത്തിന്റെ വീതിക്കുറവും നടപ്പാതയില്ലാത്തതും വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. താലൂക്ക് ആശുപത്രി, മിനി സിവിൽ സ്‌​റ്റേഷൻ, ഫയർഫോഴ്സ് സ്റ്റേഷൻ, ഗവ. ബോയ്സ് എച്ച്.എസ്.എസ്, സെന്റ് മേരീസ് എച്ച്.എസ്, സ്വകാര്യ ബസ് സ്​റ്റാൻഡ് എന്നിവിടങ്ങളിലേക്കുള്ള പ്രധാന മാർഗമാണ് ഈ പാലം. നഗരത്തിലെ ഒട്ടുമിക്ക റോഡുകളെല്ലാം രണ്ട് വർഷംമുമ്പ് പുനർ നിർമ്മിച്ചിരുന്നു. അപ്പോഴും സെന്റ് മേരീസ് പാലം പഴയപടിതന്നെ കിടന്നു. വടക്ക് ഭാഗങ്ങളിൽ നിന്നുള്ള സ്വകാര്യബസുകൾ സ്​റ്റാൻഡിലേക്ക് എത്തുന്നതും ഈ പാലത്തിലൂടെയാണ്. ബസ് പാലം കയറിയാൽ ചെറുവാഹനങ്ങൾക്കു പോലും ഇടം ലഭിക്കാത്ത അവസ്ഥയായിരുന്നു. അപകട സാദ്ധ്യത ഏറിയതായിരുന്നു കാൽനടയാത്രയും.

പുതിയപാലം, പുതിയ മുഖം

# 24 മീ​റ്റർ നീളം, 14 മീറ്റർ വീതി

# രണ്ട് മീ​റ്റർ വീതിയിൽ നടപ്പാത

# ഇരുകരകളിലെയും 6 റോഡുകൾ 100 മീ​റ്റർ നീളത്തിൽ വികസിപ്പിക്കും

# റോഡുകളുടെ വശങ്ങളിൽ സുരക്ഷാവേലി

# കനാലിലെ നീരൊഴുക്ക് സുഗമമാക്കുന്ന രൂപകല്പന

# പാലത്തിൽ നിന്ന് റോഡുകളിലേക്ക് സുരക്ഷിതമായി തിരിയാം

# നിർമ്മാണ കാലാവധി 10 മാസം