 
മാന്നാർ: പ്രവാചകൻ മുഹമ്മദ് നബിയുടെ 1497-ാമത് ജന്മദിനത്തോടനുബന്ധിച്ച് മാന്നാർ മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന നബിദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് മാന്നാർ പുത്തൻപള്ളി ജുമാമസ്ജിദിലും കുരട്ടിക്കാട് മുഹിയിദ്ദീൻ ജുമാമസ്ജിദിലും കൊടിയേറി. ജുമുഅ നിസ്കാരാനന്തരം ഹസ്രത്ത് അസ്സെയ്യിദ് മുഹമ്മദ് വലിയുള്ളാഹി (തങ്ങളുപ്പാപ്പ )യുടെ മഖ്ബറയിൽ നടന്ന പ്രാർത്ഥനക്ക് ശേഷം തക്ബീറുകളുടെയും സ്വലാത്തുകളുടെയും അകമ്പടിയോടെ മാന്നാർ പുത്തൻപള്ളിയിൽ ചീഫ്ഇമാം അൽഉസതാദ് എം.എ മുഹമ്മദ് ഫൈസിയും കുരട്ടിക്കാട് മുഹിയിദ്ദീൻ ജുമാ മസ്ജിദിൽ ഇമാം നിസാമുദ്ദീൻ നഈമിയും കൊടിയേറ്റ് നിർവ്വഹിച്ചു.
മാന്നാർ മുസ്‌ലിം ജമാഅത്ത് കൗൺസിൽ ചെയർമാൻ .പി. ഇക്ബാൽ കുഞ്ഞ്, ജമാഅത്ത് ഭാരവാഹികളായ റഷീദ് പടിപ്പുരക്കൽ, നവാസ് ജലാൽ, കെ.എ സലാം, നിയാസ് ഇസ്മയിൽ, ബഷീർ പാലക്കീഴിൽ, കമ്മിറ്റി അംഗങ്ങളായ അബ്ദുൽ കരീം കടവിൽ, നൗഷാദ് ഓ.ജെ, ഷെഫീഖ് ടി.എസ്, ഷിയാദ് ബ്രദേഴ്സ്, കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
സെപ്തംബർ 27 മുതൽ ആരംഭിക്കുന്ന നബിദിനാഘോഷ പരിപാടികൾ മൗലിദ് പാരായണം, കേരളത്തിലെ പ്രശസ്ത മതപണ്ഡിതർ നേതൃത്വം കൊടുക്കുന്ന മതപ്രസംഗപരമ്പര, മദ്രസാ വിദ്യാർത്ഥികളുടെ കലാ - സാഹിത്യ മത്സരങ്ങൾ, അന്നദാനം, നബിദിന റാലി, മത സാമൂഹ്യ സാംസ്കാരിക നേതാക്കൾ പങ്കെടുക്കുന്ന നബിദിന സമ്മേളനം, അവാർഡുദാനം, സർട്ടിഫിക്കറ്റ് വിതരണം എന്നിവയോടെ ഒക്ടോബർ 8 ന് സമാപിക്കും.