ആലപ്പുഴ: കോൺഗ്രസ്‌ പതിയെ ബി.ജെ.പിയായി മാറിക്കൊണ്ടിരിക്കുകയാണെന്ന്‌ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കേരളം കടന്നാൽ മതനിരപേക്ഷ നിലപാടില്ലാത്ത കോൺഗ്രസിന്‌ ബി.ജെ.പിക്കു ബദലാകാനുള്ള ശേഷിയില്ല. ബീഹാർ മോഡലിൽ പുതിയ കൂട്ടുകെട്ടിലൂടെ ബി.ജെ.പിയെ അധികാരത്തിൽ നിന്ന്‌ പുറത്താക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. അഴീക്കോടൻ ദിനാചരണത്തിൽ വിലക്കയറ്റത്തിനും വർഗീയതയ്‌ക്കുമെതിരെ സി.പി.എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും പൊതുസമ്മേളനവും ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഭാരത്‌ ജോഡോ യാത്രയുടെ പ്രചാരണ ബാനറിൽ സവർക്കറുടെ ചിത്രം വന്നത്‌ യാദൃച്ഛികമല്ല. ആർ.എസ്‌.എസ്‌ ചായ്‌വിന്റെ വ്യക്‌തമായ തെളിവാണതെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ ടൗൺഹാളിന് മുന്നിൽ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ നടന്ന പൊതുസമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം സി.ബി. ചന്ദ്രബാബു അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ആർ. നാസർ സ്വാഗതം പറഞ്ഞു. എ.എം.ആരിഫ് എം.പി സംസാരിച്ചു. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ പി.പി. ചിത്തരഞ്‌ജൻ എം.എൽ.എ, എച്ച് സലാം എം.എൽ.എ, ജി.വേണുഗോപാൽ, കെ.പ്രസാദ്, എം.സത്യപാലൻ, കെ.എച്ച്. ബാബുജാൻ, കെ.രാഘവൻ, ജി. ഹരിശങ്കർ, ജി. രാജമ്മ, മനു സി.പുളിക്കൽ, എം.എൽ.എമാരായ ദലീമ ജോജോ, എം.എസ്‌. അരുൺകുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.ജി. രാജേശ്വരി, ആലപ്പുഴ നഗരസഭാദ്ധ്യക്ഷ സൗമ്യരാജ് തുടങ്ങിയവർ പങ്കെടുത്തു.