ആലപ്പുഴ: എല്ലാ മേഖലയിലും സ്വതന്ത്ര സോഫ്റ്റ് വെയർ ഉപയോഗത്തിന്റെ ഗുണഫലങ്ങളെപ്പറ്റി ബോധവത്കരിക്കാൻ ഇന്ന് ജില്ലാതല സോഫ്റ്റ് വെയർ സ്വാതന്ത്ര്യ ദിനാഘോഷം നടക്കും. സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ രാവിലെ 10ന് മന്ത്രി വി.ശിവൻകുട്ടി നിർവഹിക്കും. ആലപ്പുഴ എസ്.ഡി.വി. ഗേൾസ് ഹൈസ്‌കൂളിലാണ് ജില്ലാതല പരിപാടി.
കൈറ്റും സ്വാതന്ത്ര്യ വിജ്ഞാന മേഖലയിൽ പ്രവർത്തിക്കുന്ന ഡി.എ.കെ.എഫും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ആൻഡ്രോയ്ഡ് സ്മാർട്ട് ഫോണിൽ ഉപയോഗിക്കുന്ന ലഘുവായ മൊബൈൽ ആപ്പുകൾ നിർമ്മിക്കാനുള്ള പരിശീലനവും നൽകും. ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ പൊതുജനങ്ങൾക്കായി ഓപ്പൺ സെഷനുകളും സ്വതന്ത്ര സോഫ്റ്റ്‌വെയർ സൗജന്യമായി ഇൻസ്റ്റാൾ ചെയ്തു നൽകുന്ന ഇൻസ്റ്റാൾ ഫെസ്റ്റും സംഘടിപ്പിക്കും. മണ്ണഞ്ചേരി യു.ഐ.ടി പ്രിൻസിപ്പൽ ഡോ. ടി. പ്രദീപ് മുഖ്യാതിഥിയാകും. കൈറ്റ് മാസ്റ്റർ ട്രെയിനർ എം.ജി.ഉണ്ണിക്കൃഷ്ണനാണ് റിസോഴ്‌സ് പേഴ്‌സൺ. കൈറ്റ് ജില്ലാ കോഓർഡിനേറ്റർ ഋഷി നടരാജൻ, ഡി.എ.കെ.എഫ് ജില്ലാ പ്രതിനിധികളായ ടി.കെ.സുജിത്ത്, വി.സന്തോഷ് തുടങ്ങിയവർ ജില്ലയിലെ പരിശീലനത്തിന് നേതൃത്വം നൽകും.