ആലപ്പുഴ: മ്യാൻമാറിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ പൗരൻമാരെ മോചിപ്പിക്കുന്നതിന് അടിയന്തര നടപടി ആവശ്യപ്പെട്ട് കെ.സി.വേണുഗോപാൽ എം.പി. വിദേശകാര്യമന്ത്രിക്ക് കത്തു നൽകി. ജോലി വാഗ്ദാനം ചെയ്‌ത് തായ്‌ലൻഡിലേക്ക് എത്തിച്ചാണ് 300 ഓളം ഇന്ത്യൻ പൗരന്മാരെ മ്യാൻമറിലെ മ്യാവഡി മേഖലയിലേക്ക് തട്ടിക്കൊണ്ടു പോയത്. ആലപ്പുഴക്കാരടക്കം മുന്നൂറോളം ഇന്ത്യക്കാരാണ് തൊഴിൽ തട്ടിപ്പിനിരയായി തടങ്കലിൽ കഴിയുന്നത്. പ്രശ്‌നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഇവരുടെ മോചനത്തിനും സുരക്ഷിതമായ മടക്കയാത്രയ്ക്കും വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കെ.സി.വേണുഗോപാൽ വിദേശകാര്യമന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെട്ടു.