anandu
സ്കൂട്ടറിൽ സഞ്ചരിക്കവേ തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് ദേഹമാസകലം പരിക്കേറ്റ അനന്ദു

മാന്നാർ: തെരുവുനായ കുറുകെ ചാടിയതിനെ തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് യുവാവിന് പരിക്കേറ്റു. ചെന്നിത്തല പുത്തൻ കോട്ടയ്ക്കകം കുറ്റിയിൽ മണിക്കുട്ടൻ - ബിനി ദമ്പതികളുടെ മകൻ അനന്ദുവിനാണ് (22) ദേഹമാസകലം പരിക്കേറ്റത്.

ചെന്നിത്തല കോട്ടമുറി ജംഗ്ഷന് വടക്കുവശം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം വെള്ളിയാഴ്ച രാത്രി 7.30നാണ് അനന്ദുവും സുഹൃത്തും സഞ്ചരിച്ച സ്കൂട്ടറിന് മുന്നിലേക്ക് തെരുവുനായ ചാടി വീണത്. നായ അടിയിൽപ്പെട്ടതോടെ നിയന്ത്രണം വിട്ട് സ്കൂട്ടർ മറിയുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന അനന്ദുവിന്റെ കൈകാലുകളിലും ഇടതു തോളിലും മുഖത്തും പരിക്കേറ്റു. ഹെൽമറ്റ് തെറിച്ച് പോയതിനാൽ തലയുടെ പിന്നിലും ചെവിയുടെ ഭാഗത്തും പരിക്കുകളുണ്ട്. സ്കൂട്ടറിനും കേടുപാടുകൾ സംഭവിച്ചു.

അനന്ദുവിനെ ഉടൻ തന്നെ സുഹൃത്തുക്കൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം വിട്ടയച്ചു. ഇന്നലെ രാവിലെ ദേഹമാസകലം വേദന അനുഭവപ്പെട്ടതോടെ മാവേലിക്കര ഗവ.ആശുപത്രിയിൽ ചികിത്സ തേടിയ അനന്ദു പരിക്കുകൾ കാരണം ഇരിക്കാനോ കിടക്കാനോ കഴിയാത്ത അവസ്ഥയിലാണ്. ഹൈദരാബാദിൽ ഹോട്ടൽ മാനേജ്മെന്റ് പഠനം നടത്തുന്ന അനന്ദു അവധിക്ക് നാട്ടിലെത്തിയതാണ്. ചെന്നിത്തല തൃപ്പെരുന്തുറ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ഒരിപ്രം പുതുശ്ശേരിൽ പ്രദീപ്കുമാറിന്റെ ഭാര്യ സുലേഖയ്ക്കും ചെന്നിത്തല തൃപ്പെരുന്തുറ പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽ കുറ്റിയിൽ രാഹുലിനും നായ കുറുകെ ചാടിയുണ്ടായ ബൈക്കപകടത്തിൽ ഒരാഴ്ച മുമ്പ് പരിക്കേറ്റിരുന്നു.