മാന്നാർ: അപകടം തുടർക്കഥയായ പരുമല പാലത്തിന്റെ ഇടിഞ്ഞ് താഴ്ന്ന അപ്രോച്ച് റോഡ് വീണ്ടും ശരിയാക്കി. ഇന്നലെ സന്ധ്യയോടെയാണ് ഈ ഭാഗം മെറ്റൽ ഇട്ട് ഉയർത്തി ടാർ ചെയ്തത്. പരുമല പാലത്തിലെ അപകടക്കെണിയെക്കുറിച്ച് കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പമ്പാനദിക്ക് കുറുകെ ആലപ്പുഴ,പത്തനംതിട്ട ജില്ലകളുടെ അതിർത്തി പങ്കിടുന്ന പരുമല പാലത്തിന്റെ കിഴക്കേകരയിൽ വടക്കുഭാഗത്ത് പാലത്തിനോട് ചേർന്നുള്ള അപ്രോച്ച് റോഡാണ് അപകടക്കെണിയായിരുന്നത്. ഈ അപ്രോച്ച് റോഡിൽ രണ്ട് മാസം മുമ്പ് വലിയ ഗർത്തം ഉണ്ടാകുകയും മെറ്റലും മണ്ണും ഉപയോഗിച്ച് താൽക്കാലികമായി കുഴി നികത്തുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം തന്നെ പണി പൂർത്തീകരിച്ച് റോഡ് സഞ്ചാരയോഗ്യമാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ അറിയിച്ചിരുന്നെങ്കിലും രണ്ട് മാസം പിന്നിട്ടിട്ടും യാതൊരു നടപടികളും കൈക്കൊണ്ടിരുന്നില്ല. വീണ്ടും ഈ ഭാഗം താഴുവാൻ തുടങ്ങിയതോടെ ഇരുചക്ര വാഹനങ്ങൾ വീണ് അപകടങ്ങൾ ഉണ്ടാകുക പതിവായിരുന്നു. തൊട്ടടുത്ത് ചായക്കച്ചവടം നടത്തുന്ന കെ.എം മുസ്തഫ (മണി ) യായിരുന്നു അപകടത്തിൽപ്പെടുന്നവർക്ക് തുണയായിരുന്നത്. റോഡ് ശരിയാക്കാൻ വൈകിയതോടെ മുസ്തഫയുടെ നേതൃത്വത്തിൽ മെറ്റലിട്ട് കുഴി താൽക്കാലികമായി അടച്ചിരുന്നു.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് അപ്രോച്ച് റോഡ് ടാർ ചെയത് സഞ്ചാരയോഗ്യമാക്കിയത്.