ചേർത്തല: കരപ്പുറത്തെ പ്രധാന ക്ഷേത്രങ്ങളിൽ 26ന് നവരാത്രി ഉത്സവം ആരംഭിക്കും.
വാരനാട് ദേവി ക്ഷേത്രത്തിൽ 26മുതൽ ഒക്‌ടോബർ അഞ്ച് വരെ നവരാത്രി സംഗീതോത്സവം നടത്തും. തിങ്കളാഴ്ച വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ക്ഷേത്രം മേൽശാന്തി രജീഷ് കൃഷ്ണൻ നമ്പൂതിരി ദീപ പ്രകാശനം നിർവഹിക്കും. ദിവസേന വൈകിട്ട് ദീപാരധനയ്ക്ക് ശേഷം സംഗീതോത്സവം നടത്തും. ഒക്ടോബർ മൂന്നിന് വൈകിട്ട് പൂജവയ്പ്, അഞ്ചിന് രാവിലെ 6.20ന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം.
ചേർത്തല കാർത്ത്യായനി ദേവിക്ഷേത്രത്തിൽ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ 26മുതൽ ഒക്ടോബർ അഞ്ച് വരെ ദേവി ഭാഗവത നവാഹ യജ്ഞവും നവരാത്രി സംഗീതോത്സവവും നടത്തും. തിങ്കളാഴ്ച വൈകിട്ട് 6.30ന് ഉപദേശക സമിതി പ്രസിഡന്റ് എം.ഇ.രാമചന്ദ്രൻ നായർ ദീപ പ്രകാശനം നിർവഹിക്കും. 27മുതൽ ദിവസേന രാവിലെ ഏഴിന് ദേവി ഭാഗവത പാരായണം ആരംഭിക്കും. പുല്ലയിൽ ഇല്ലത്ത് പി.വി.പ്രഭാകരൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ.
നവരാത്രി സംഗീതോത്സവം ദിവസേന വൈകിട്ട് 7ന് ആരംഭിക്കും. ഒക്ടോബർ രണ്ടിന് വൈകിട്ട് 6.50ന് പൂജവയ്പ്, അഞ്ചിന് രാവിലെ എട്ടിന് പൂജയെടുപ്പ്, തുടർന്ന് വിദ്യാരംഭം.

കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം 26 മുതൽ ഒക്ടോബർ 5 വരെ നടക്കും.26ന് വൈകിട്ട് 6.30ന് കളവംകോടം ശക്തീശ്വര ക്ഷേത്രം പ്രസിഡന്റ് സി.കെ.ഷാജിമോഹൻ ദീപപ്രകാശനം നടത്തും.സംഗീത സന്ധ്യ,മുരളീരവം,ദേവീസ്തോത്രാലാപനം,ഗാനാമൃതം,വീണക്കച്ചേരി,വേണുനാദം എന്നിവർ വിവിധ ദിവസങ്ങളിൽ നടത്തും. 2ന് വൈകിട്ട് 6ന് പൂജവെയ്പ്പ്,5ന് രാവിലെ 7.30ന് മന്ത്രി പി.പ്രസാദ് ആദ്യക്ഷരം കുറിക്കും. 8.30 മുതൽ കണ്ടമംഗലം ക്ഷേത്ര കലാപീഠം അവതരിപ്പിക്കുന്ന കുറുംകുഴൽമേളം.

വയലാർ പഴയക്കൽ ഭഗവതി ക്ഷേത്രത്തിൽ ദേവിഭാഗവത നവാഹ യജ്ഞം 25ന് ആരംഭിക്കും. ഞായറാഴ്ച വൈകിട്ട് 7.30ന് അഖിലകേരള ജ്യോതിശാസ്ത്ര മണ്ഡലം പ്രസിഡന്റ് ശങ്കർദാസ് വയലാർ ദീപ പ്രകാശനം നിർവഹിക്കും. ഒക്ടോബർ നാലിന് സമാപിയ്ക്കും. ദിവസേന രാവിലെ ഏഴ്മുതൽ ദേവിഭാഗവത പാരായണം, പകൽ ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 7.30ന് പ്രഭാഷണം എന്നിവയുണ്ടാകും. ഏരൂർ രാധാകൃഷ്ണ സ്വാമിയാണ് യജ്ഞാചാര്യൻ.

പടിഞ്ഞാറെ കൊട്ടാരം ധർമ്മശാസ്താ ക്ഷേത്രത്തിലെ നവാഹയജ്ഞവും നവരാത്രി ആഘോഷവും ഇന്ന് തുടങ്ങും. വൈകിട്ട് 7ന് പൊലീസ്‌ കംപ്ലയിന്റ് അതോറി​റ്റി അംഗം പി.കെ. അരവിന്ദ ബാബു ദീപ പ്രകാശനം നിർവഹിക്കും. പത്തിയൂർ വിജയകുമാറാണ് യജ്ഞാചാര്യൻ. എല്ലാ ദിവസവും ദേവിഭാഗവത പാരായണം,പ്രത്യേക പൂജകൾ,പ്രഭാഷണം,പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരിക്കും. ഒക്ടോബർ രണ്ടിന് വൈകിട്ട് പൂജവെയ്പും അഞ്ചിന് വിജയദശമി ആഘോഷവും നടക്കും. അന്ന് രാവിലെ ഏഴിന് പൂജയെടുപ്പും വിദ്യാരംഭവും ഉണ്ടായിരിക്കും.

വല്ലയിൽ ഭാഗം അനന്തനാരായണ ക്ഷേത്രത്തിൽ 26 മുതൽ 5വരെ നവരാത്രി ഉത്സവം നടക്കും. അഷ്‌ടലക്ഷ്മീപൂജ, സരസ്വതി പൂജ,ഭഗവതി സേവ,പൂജവെയ്പ്പ്, കലാസന്ധ്യ,പ്രസാദ് വിവതരണം,ഭക്തിഗാനസുധ, ഫ്ലൂട്ട്സോളോ,സംഗീതസദസ്,നൃത്തസന്ധ്യ,തിരുവാതിര എന്നിവ നടക്കും. 5ന് വിദ്യാരംഭം.

തിരുവിഴ മഹാദേവ ക്ഷേത്രത്തിൽ 26 മുതൽ 5വരെ നവരാത്രി മഹോത്സവം നടക്കും. 2ന് വൈകിട്ട് 7ന് പൂജവെയ്പ്പ്,5ന് രാവിലെ 8.30ന് പൂജയെടുപ്പ്,വിദ്യാരംഭം.

മാടയ്ക്കൽ നവദുർഗാ ഭദ്രകാളി ക്ഷേത്രത്തിൽ നവരാത്രി ആഘോഷവും വിദ്യാമന്ത്രാർച്ചനയും 26 മുതൽ 5 വരെ നടക്കും. നവദുർഗാപൂജൻകുങ്കുമാഭിഷേകം,വിദ്യാമന്ത്രാർച്ചന,കരിക്ക് അഭിഷേകം,കുമാരിപൂജ, പൂജവെയ്പ്പ്,വിദ്യാരംഭം ചടങ്ങുകൾ നടക്കും. ചടങ്ങുകൾക്ക് വി.പി.കുമാരൻ തന്ത്രിയും വി.ഡി.മോഹനൻശാന്തിയും മുഖ്യകാർമ്മികത്വം വഹിക്കും.