ആലപ്പുഴ: വൈ.എം.സി.എ ഭാഗത്തെ റോഡുകളുടെ വൈറ്റ് ടോപ്പിംഗ് ജോലികൾ നടക്കവേ തത്കാലത്തേക്കു മാറ്റിയ റൂട്ട് തിരികെ സ്വീകരിക്കാൻ കെ.എസ്.ആർ.ടി.സി ഡ്രൈവർമാർക്ക് മടി. വൈറ്റ് ടോപ്പിംഗ് പൂർത്തീകരിച്ച് റോഡിന് വീതി കൂട്ടിയിട്ടും സമയ ലാഭത്തിന് വേണ്ടി ഏറെ തിരക്കുള്ള കൊട്ടാരപ്പാലം റോഡാണ് പല ബസുകളും ആശ്രയിക്കുന്നത്.
ഒരേ സമയം ബസുകൾ എതിർദിശയിലെത്തിയാൽ കാൽനടയാത്രക്കാർക്ക് പോലും ഭീഷണിയാകുന്ന റോഡിൽ കഴിഞ്ഞ ദിവസമാണ് കെ.എസ്.ആർ.ടി.സി ബസിടിച്ച് സൈക്കിൾ യാത്രികനായ യു.പി സ്വദേശിയും ബ്യൂട്ടി പാർലർ ജീവനക്കാരനുമായ യുവാവ് മരിച്ചത്. അപകടം നടന്ന പശ്ചാത്തലത്തിൽ പോലും ഇതേ റൂട്ടിൽ തന്നെയാണ് ഭൂരിഭാഗം ബസുകളും സർവീസ് നടത്തുന്നത്. തെക്കു നിന്നെത്തുന്ന സൂപ്പർ ഫാസ്റ്റ് ബസുകൾ ഒഴികെയുള്ളവ ജനറൽ ആശുപത്രി ജംഗ്ഷൻ, വൈ.എം.സി.എ ജംഗ്ഷൻ, ജില്ലാ കോടതി പാലം വഴിയാണ് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ എത്തേണ്ടത്. ഇതിന് പകരം ജനറൽ ആശുപത്രി ജംഗ്ഷനിലെ സിഗ്നലിന് മുമ്പ് എക്സൈസ് ഓഫീസിനോട് ചേർന്ന് കിഴക്കോട്ട് തിരിഞ്ഞ് കൊട്ടാരപ്പാലം - കല്ലുപാലം റൂട്ടിലൂടെ സ്റ്റാൻഡിലേക്ക് എത്തുമ്പോൾ ഡ്രൈവർമാർക്ക് സമയ ലാഭമുണ്ട്. അതേസമയം യാത്രക്കാർക്ക് യഥാർത്ഥ റൂട്ടിലെ മൂന്ന് സ്റ്റോപ്പുകളാണ് നഷ്ടമാകുന്നത്. കടപ്പുറം, നഗരസഭ മന്ദിരം ഭാഗങ്ങളിലേക്ക് പോകേണ്ട യാത്രക്കാർ വീണ്ടും ഓട്ടോറിക്ഷക്കൂലി മുടക്കി യാത്ര ചെയ്യേണ്ട ഗതികേടിലാണ്.
മാസങ്ങളായി കൊട്ടാരപ്പാലം കല്ലുപാലം റോഡിന്റെ ഇരുവശങ്ങളും പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയാണ്. ബസുകൾ പാഞ്ഞ് വരുമ്പോൾ മാറി നിൽക്കാൻ പോലും സ്ഥലമില്ലാതെ വിഷമിക്കുന്ന അവസ്ഥ. എത്രയും വേഗം റോഡ് നന്നാക്കാനും ട്രാൻസ്പോർട്ട് ബസുകൾ വീതി കുറഞ്ഞ ഈ റൂട്ട് അമിതമായി ഉപയോഗിക്കുന്നത് തടയാനും നടപടിയുണ്ടാവണം
സലാം, പ്രദേശവാസി
പിച്ചുഅയ്യർ- വൈ.എം.സി.എ റോഡിലൂടെ ട്രാൻ. ബസുകൾ പോകാൻ പൊതുമരാമത്ത് വകുപ്പാണ് അനുമതി നൽകേണ്ടത്
കെ.എസ്.ആർ.ടി.സി അധികൃതർ, ആലപ്പുഴ
ബസുകൾ ജനറൽ ആശുപത്രി ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് തിരിയണമെന്നാണ് നേരത്തെ നിർദ്ദേശം ലഭിച്ചിരുന്നത്. റൂട്ട് മാറ്റിയതായി അറിയിപ്പ് ലഭിച്ചിട്ടില്ല
ഡ്രൈവർ, കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ