ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ മൂന്നര പതിറ്റാണ്ട് നിറസാന്നിദ്ധ്യമായിരുന്നു ഇന്നലെ അന്തരിച്ച ഒ.അഷറഫ് എന്ന അച്ചപ്പി.

സി.പി.എമ്മിനും ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്കും വലിയ വേരോട്ടമില്ലാതിരുന്ന, നഗരസഭയിലെ പവർ ഹൗസ് പ്രദേശത്ത് പാർട്ടി വളർത്താൻ അഷറഫ് വഹിച്ച പങ്ക് വലുതാണ്. പഴയകാല നേതാക്കളായിരുന്ന എസ്.ഇബ്രാഹിംകുട്ടിയുടെയും യൂനിസിന്റെയും പിൻഗാമിയായിട്ടാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. 1995ൽ പവർ ഹൗസ് വാർഡിൽ നിന്ന് വൻ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട ഒ.അഷറഫ് 2005-2010 കാലഘട്ടത്തിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായിരുന്നു. മീറ്റ് മർച്ചന്റ് അസോസിയേഷൻ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു.

പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉൾപ്പെടെയുള്ള നിരവധി ചുമതലകൾ അദ്ദേഹം പരാതികൾക്ക് ഇടയില്ലാത്ത വിധം ചുമലിലേറ്റി. ഒ.അഷറഫിന്റെ നിര്യാണത്തിൽ കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ ജില്ലാ ഭാരവാഹികളായ പ്രസിഡന്റ് പി.ജെ. കുര്യനും സെക്രട്ടറി എസ്.എൻ.നാസറും അനുശോചിച്ചു.