t
t

# പത്തു വർഷത്തെ പഠനം വെറുതെയായി

ആലപ്പുഴ: കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് കാർഷിക മേഖലയിലെ പ്രതിസന്ധി മറികടക്കാൻ കഴിഞ്ഞ പത്ത് വർഷത്തെ പഠനത്തിന് ശേഷം രൂപം നൽകിയ കാർഷിക കലണ്ടർ വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മ മൂലം നടപ്പാക്കാനാകാതെ കൃഷിവകുപ്പ് വലയുന്നു.

വിതയ്ക്കേണ്ട വിത്തും വിളവിറക്ക് സമയവും വിളവെടുപ്പും ഉൾപ്പെടെ നിലവിലുള്ള കൃഷി സമയത്തിൽ മാറ്റം വരുത്തിയ കാർഷിക കലണ്ടറാണ് ചുവപ്പ് നാടയിൽ കുരുങ്ങിയത്. കൃഷിപ്പണികൾ ഏകീകരിച്ച് കാർഷിക മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിനൊപ്പം മികച്ച വിളവ് ഉറപ്പാക്കാനാണ് കലണ്ടർ തയ്യാറാക്കിയത്. കൃഷി, വൈദ്യുതി, റവന്യു, സീഡ് അതോറിട്ടി, ജലസേചനം വകുപ്പുകളുടെ ഏകോപനമാണ് ഇതിൽ വേണ്ടത്. 2020 സെപ്തംബർ മൂന്നിന് കാർഷിക കലണ്ടർ അംഗീകരിച്ച് മുഖ്യമന്ത്രി പ്രഖ്യാപനമിറക്കിയെങ്കിലും ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം എങ്ങുമെത്തിയില്ല.

ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലെ 1200 നെൽപ്പാടങ്ങളെ ആറ് സോണുകളായി തിരിച്ചാണ് കാർഷിക കലണ്ടർ തയ്യാറാക്കിയത്. ഓരോ സോണിലെയും കാലാവസ്ഥ, ഭൂമിയുടെ ഘടന, വെള്ളപ്പൊക്കം, വേലിയേറ്റം, മണ്ണിന്റെ ഘടന, വരൾച്ച എന്നിവ കലണ്ടറിൽ രേഖപ്പെടുത്തി. ഇരിപ്പൂ കൃഷി നടപ്പാക്കലും കർഷകർക്ക് കൂടുതൽ ഗുണകരമാകും വിധം വിള ഇറക്കുകയുമാണ് കലണ്ടർ കൊണ്ട് ലക്ഷ്യമിടുന്നത്. ഒരു കൃഷിക്ക് 135 ദിവസം വിളവുള്ള നെൽ വിത്ത് ഉപയോഗിച്ചാൽ അതേപാടത്ത് അടുത്ത കൃഷിക്ക് 100 ദിവസത്തിൽ തഴെ വിളവുള്ള വിത്ത് ഉപയോഗിക്കണമെന്ന് കലണ്ടറിൽ പറയുന്നു.

# ലാഭത്തിനായി നഷ്ടം വിതയ്ക്കുന്നു

പണ്ട് ഇരിപ്പൂ കൃഷിക്ക് 100 ദിവസത്തിനുള്ളിൽ വിളവെടുക്കാവുന്ന വിത്തിനങ്ങളായിരുന്നു ഇറക്കിയത്. അന്ന് കർഷകർ തന്നെ ശേഖരിച്ചിരുന്ന വിത്താണ് ഉപയോഗിച്ചിരുന്നത്. ഏപ്രിൽ, മേയ് മാസങ്ങളിൽ വിത പൂർത്തീകരിച്ച് ആഗസ്റ്റിൽ വിളവെടുക്കുന്നതാണ് പുഞ്ചക്കൃഷി. രണ്ടാം കൃഷി സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ വിതച്ച് ജനുവരിയിൽ വിളവെടുക്കും. നിലവിൽ കൂടുതൽ വിളവ് ലഭിക്കാനായി 135 ദിവസം കാലാവധിയുള്ള ഉമ, കാഞ്ചന, ജ്യോതി വിത്തുകളാണ് രണ്ട് കൃഷിക്കും ഉപയോഗിക്കുന്നത്. ഇതിന്റെ വിളവെടുപ്പ് അടുക്കുമ്പോൾ യന്ത്രക്ഷാമം, നെല്ല് സംഭരണം ഉൾപ്പെടെയുള്ള വിഷയങ്ങൾ പ്രതിസന്ധിയാവും. കഴിഞ്ഞ പുഞ്ചയിൽ 80 ശതമാനവും വെള്ളത്തിൽ മുങ്ങിയിരുന്നു.

വേണം മേൽനോട്ടം

# വൈദ്യുതി, റവന്യു, സീഡ് അതോറിട്ടി, ജലസേചന വകുപ്പുകൾ കൃഷിവകുപ്പ് ഏകോപിപ്പിക്കണം

# ആറ് സോണുകളിലും മേൽനോട്ടത്തിനായി സ്പെഷ്യൽ ഉദ്യോഗസ്ഥനെ നിയമിക്കണം

# സോൺ തലത്തിൽ പ്രാദേശിക ഭരണകൂടത്തെയും കൃഷിഭവനുകളെയും ഏകോപിപ്പിക്കണം

# കാർഷിക കലണ്ടറിന്റെ അടിസ്ഥാനത്തിൽ വിളവിറക്കും വിളവെടുപ്പും പൂർത്തീകരിക്കണം

# ഹ്രസ്വകാല, ദീർഘകാല വിത്തുകൾ ഉത്പാദിപ്പിച്ച് കർഷകർക്ക് നൽകണം

# ഗുണമേന്മയുള്ള വിത്ത് എത്തിക്കാൻ സ്വീഡ് അതോറിട്ടി ജാഗ്രത കാട്ടണം

# കളയും കവടയും നിറഞ്ഞ വിത്ത് ഒഴിവാക്കണം

# വിത്തും കക്കയും കൃത്യസമയത്ത് കർഷകർക്ക് നൽകണം

പത്തുവർഷത്തെ കാലാവസ്ഥ വ്യതിയാനത്തിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കി സർപ്പിച്ച, മുഖ്യമന്ത്രി പ്രഖ്യാപിച്ച കാർഷിക കലണ്ടർ പ്രാവർത്തികമാക്കുന്നതിന് കർഷകരെ സജ്ജമാക്കാൻ കൃഷി വകുപ്പ് മുൻകൈയെടുക്കണം

ഡോ. കെ.ജി.പദ്മകുമാർ, ഡയറക്ടർ, കായൽ കൃഷി ഗവേഷണകേന്ദ്രം