 
ഹരിപ്പാട്: ജില്ലാ ജൂനിയർ നെറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ വി.എച്ച്.എസ്.എസ് മുതുകുളം ഓവറോൾ ചാമ്പ്യന്മാരായി. മുതുകുളം ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വി.എച്ച്. എസ്. എസ് മുതുകുളത്തിനാണ് ഒന്നാം സ്ഥാനം. ആൺകുട്ടികളുടെ വിഭാഗത്തിൽ കായംകുളം കേരള സ്പോർട്സ് അക്കാദമി രണ്ടാം സ്ഥാനവും മുതുകുളം ഹൈസ്കൂൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പെൺകുട്ടികളുടെ വിഭാഗത്തിൽ കായംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും പല്ലന എം. കെ.എ. എം. എച്ച്. എസ്. എസ് മൂന്നാം സ്ഥാനവും നേടി. ആൺകുട്ടികളുടെ വിഭാഗത്തിലെ മികച്ച കായിക താരമായി കേരള സ്പോർട്സ് അക്കാദമിയിലെ അഖിലേഷ് ബിജുവും പെൺകുട്ടികളുടെ വിഭാഗത്തിൽ മികച്ച കായികതാരമായി മുതുകുളം വി.എച്ച്.എസ്.എസിലെ എസ്. അനഘയും തിരഞ്ഞെടുത്തു. ജില്ലാ നെറ്റ്ബാൾ അസോസിയേഷൻ പ്രസിഡന്റ് സുനിൽ കോപ്പാറേത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.ശോഭ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു.അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ്. കെ ജയകുമാർ, ജിതിൻ ജയൻ, ജയ്സൺ, അരുൺ ബിജു എന്നിവർ സംസാരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി സന്തോഷ് കൊച്ചു പറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ ജില്ലാ നെറ്റ്ബാൾ അസോസിയേഷൻ ട്രഷറർ രഞ്ജു സക്കറിയ സമ്മാനദാനം നടത്തി. വി.വിമൽ , അജ്മൽ, മോഹിനി മുരളി, ബീനു, ഡോ. ബേബി സീത്മ, പാർഥിവ് അനിൽ , ആദിത്യൻ, ആമിന എന്നിവർ പങ്കെടുത്തു. കോട്ടയത്ത് നടക്കുന്ന സംസ്ഥാന ജൂനിയർ നെറ്റ് ബാൾ ചാമ്പ്യൻഷിപ്പിനുള്ള ആലപ്പുഴ ജില്ലാ ടീമിനെ മത്സരങ്ങളിൽ നിന്നും തിരഞ്ഞെടുത്തു. ജില്ലാ ടീമിന്റെ പരിശീലന ക്യാമ്പ് ഒക്ടോബർ ഒന്ന് മുതൽ ആരംഭിക്കും.