അമ്പലപ്പുഴ: ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് തകഴിയിൽ വീണ്ടും പൊട്ടി. ഇന്നലെ ഉച്ചയ്ക്ക് 2 ഓടെയാണ് അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിൽ തകഴി റെയിൽവെ ക്രോസിന് കിഴക്ക് ഫെഡറൽ ബാങ്കിന് സമീപം പൈപ്പ് പൊട്ടിയത്. വെള്ളം കുത്തിയൊലിച്ച് സമീപത്തെ സ്വകാര്യ ആശുപത്രിയുടെയും കടകളുടെയും മുന്നിലേക്ക് ഒഴുകിയെത്തി. ഇത് 76-ാം തവണയാണ് ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഈ ഭാഗത്ത് പൊട്ടുന്നത്. ഇതോടെ രണ്ടു ദിവസം ആലപ്പുഴ നഗരത്തിലും, സമീപത്തെ 8 പഞ്ചായത്തുകളിലും കുടിവെള്ള വിതരണം മുടങ്ങും.
വിവരം അറിഞ്ഞ് അധികൃതർ വൈകിട്ട് 3.30 ഓടെ കടപ്ര ആറ്റിൽ നിന്നു കരുമാടിയിലെ കുടിവെള്ള ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പമ്പിംഗ് നിറുത്തിവച്ചു. ഇന്ന് പരിശോധന നടത്തി നാളെ അറ്റകുറ്റപ്പണികൾ ആരംഭിക്കും. വ്യാഴാഴ്ച ഉച്ചയോടെ പമ്പിംഗ് പുനരാരംഭിക്കാനാവുമെന്നാണ് പ്രതീക്ഷ. 1525 മീറ്ററിൽ നിലവാരം കുറഞ്ഞ പൈപ്പ് സ്ഥാപിച്ചതാണ് സ്ഥിരമായി പൈപ്പ് പൊട്ടാൻ കാരണം. ഈ ഭാഗത്തെ പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന ജോലികൾ നടക്കുകയാണ്. സ്ഥിരമായി പൈപ്പ് പൊട്ടുന്ന തകഴി റീച്ചിൽ 40 പൈപ്പുകളും, കന്നാ മുക്ക് റീച്ചിൽ 25 പൈപ്പുകളും മാറ്റി സ്ഥാപിക്കാനുണ്ട്. ദിവസം ഒരു പൈപ്പ് എന്ന നിലയിലാണ് പണി പുരോഗമിക്കുന്നത്. മുഴുവൻ പൈപ്പ് മാറ്റി സ്ഥാപിക്കാൻ 65 ദിവസം കൂടി വേണമെന്നാണ് അധികൃതർ പറയുന്നത്.
പിന്നീട് 48 മണിക്കൂർ പ്രഷർ ടെസ്റ്റും ലീക്കേജ് ടെസ്റ്റും നടത്തി വേണം ജോലികൾ പൂർത്തീകരിക്കാൻ. പൈപ്പ് അറ്റകുറ്റപ്പണി നടത്തിയ ഭാഗങ്ങളിൽ സിമന്റിട്ട് കുഴികൾ അടച്ചിട്ടുണ്ടെങ്കിലും ഈ ഭാഗങ്ങളിൽ വീണ്ടും കുഴികൾ രൂപപ്പെട്ട് ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവാണ്. കോടികൾ മുടക്കി നിർമ്മിച്ച സംസ്ഥാന പാത ഇവിടെ പുനർ നിർമ്മിക്കേക്കേണ്ട അവസ്ഥയായിട്ടുണ്ട്.