
ആലപ്പുഴ: നഗരസഭ മുൻ കൗൺസിലറും സി.പി.എം തൊഴിലാളി യൂണിയൻ നേതാവുമായ പവർഹൗസ് വാർഡ് തൈപ്പറമ്പിൽ ഒ.അഷറഫ് (55) നിര്യാതനായി. ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ പുന്നപ്ര സാഗര ആശുപത്രിയിലായിരുന്നു അന്ത്യം.
ഒന്നരമാസം മുമ്പ് കോഴിക്കോട് നടന്ന കേരള മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ യോഗത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയപ്പോൾ കാൽവഴുതി വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റിരുന്നു. ആലപ്പുഴ മെഡി. ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും വിദഗ്ദ്ധചികിത്സയ്ക്കായി പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. വീട്ടിൽ മടങ്ങിയെത്തിയെങ്കിലും രോഗം കലശലായതോടെ പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെ ഇന്നലെ പുലർച്ചയായിരുന്നു അന്ത്യം. ആലപ്പുഴ നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ, കേരള മീറ്റ് മർച്ചന്റ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) സംസ്ഥാന സെക്രട്ടറി, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ്, ലോറി ഡ്രൈവേഴ്‌സ് ആൻഡ് ക്ലീനേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി, മൊബൈൽ ടവർ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ല സെക്രട്ടറി, സി.പി.എം ആലപ്പുഴ ഏരിയ കമ്മിറ്റിയംഗം, കൊമ്മാടി ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: ജമീല. മകൾ: റസ്‌നി അഷറഫ്. സുഗതൻ സ്മാരകത്തിലും സി.പി.എം ആലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിലും മൃതദേഹം പൊതുദർശനത്തിനുവെച്ച ശേഷം പടിഞ്ഞാറെ ജുമമസ്ജിദിൽ കബറടക്കി.