 
ചേർത്തല: ചേർത്തല താലൂക്ക് എൻ.എസ്.എസ് യൂണിയന് 2022-23 വർഷത്തേക്ക് 3.39 കോടി വരവും 6,800 രൂപ നീക്കിയിരിപ്പും വരുന്ന ബഡ്ജറ്റിന് അംഗീകാരം.
വർക്കിംഗ് വിമൻസ് ഹോസ്റ്റലിന് ഒന്നേകാൽ കോടി രൂപവകയിരുത്തിയിട്ടുണ്ട്. നായർ സർവീസ് സൊസൈറ്റിയുടെ ഹോട്ടൽ ശൃംഖലയായ പത്മ കഫേ ചേർത്തലയിൽ ആരംഭിക്കാൻ 75 ലക്ഷം നീക്കിവച്ചു.
യൂണിയൻ കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കായി 30 ലക്ഷം, ജീവകാരുണ്യനിധിയിൽ ഉൾപ്പെടുത്തി ഭവന നിർമ്മാണം, ചികിത്സാ സഹായം, സാന്ത്വനപദ്ധതി, വാർദ്ധക്യകാല പെൻഷൻ പദ്ധതി എന്നിവയ്ക്കായി 14.34 ലക്ഷം, വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി അഞ്ച് ലക്ഷം, യൂണിയൻ ചികിത്സാ ധനസഹായമായി നാല് ലക്ഷം, വിദ്യാഭ്യാസ എൻഡോവ്‌മെന്റുകൾ, സ്‌കോളർഷിപ്പുകൾ എന്നിവയ്ക്കായി 3.9 ലക്ഷം, മന്നം കലാ സാംസ്‌കാരിക വേദിയുടെ പ്രവർത്തനത്തിനും മന്നം സോഷ്യൽ സർവീസ് സൊസൈറ്റിക്കുമായി രണ്ട് ലക്ഷം എന്നിങ്ങനെ വകയിരുത്തിയിട്ടുണ്ട് .യൂണിയൻ സെക്രട്ടറി ബി. ഗോപാലകൃഷ്ണൻ നായർ പ്രവർത്തന റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗവും യൂണിയൻ പ്രസിഡന്റുമായ പ്രൊഫ.ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.മുരളീകൃഷ്ണൻ, ഇൻസ്‌പെക്ടർ എം.കെ.മോഹൻകുമാർ, ഗീതാകുമാർ, എ.അജി, കെ.പി.ഷൺമുഖൻ നായർ,രാജീവ്, ഹരികുമാർ,ഹരീഷ്, ജയകൃഷ്ണൻ,രാകേഷ്, സതീഷ്ബാബു, ജയകുമാരി, കെ.ശശിധരപ്പണിക്കർ,കെ.എൻ.ദേവദാസ് എന്നിവർ സംസാരിച്ചു.