ആലപ്പുഴ : ഗതാഗതക്കുരുക്കും റോഡപകടങ്ങളും ലഘൂകരിക്കുന്നതിന് നഗരസഭാ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി നിർദ്ദേശിച്ച പുതിയ ബസ് സ്റ്റോപ്പുകൾ എന്ന ആശയം അപ്രായോഗികമാണെന്ന് കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ അഭിപ്രായപ്പെടുന്നു. പ്രധാന സ്ഥലങ്ങളിൽ ഒരു കാത്തിരിപ്പുകേന്ദ്രമോ, മറ്റ് യാതൊരു സൗകര്യങ്ങളോ ഒരുക്കാതെ ഭാവനയിൽ മാത്രമാണ് ബസ് സ്റ്റോപ്പെന്ന ആശയം ആവിഷ്ക്കരിച്ചിരിക്കുന്നതെന്നാണ് പ്രധാന പരാതി.

നിലവിലെ സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കാനുള്ള തീരുമാനം യോഗത്തിലുണ്ടായെങ്കിലും, എന്ന് മുതൽ പ്രായോഗികമാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. ബസ് ഉടമകളുടെ നിരന്തരമായ ആവശ്യത്തെ തുടർന്ന് സ്വകാര്യബസ് സ്റ്റാന്റ് യാഥാർത്ഥ്യമായെങ്കിലും, റൂട്ടുകളിൽ നിന്നും അകലെ നിർമ്മിച്ചിരിക്കുന്ന സ്റ്റാന്റ് ബസുകൾക്കോ യാത്രക്കാർക്കോ ഉപകാരപ്രദമല്ലെന്നും ആക്ഷേപമുണ്ട്. ബസ് ഒന്നിന് മുപ്പത് രൂപാ പാർക്കിംഗ് ഫീസ് നഗരസഭയിലടയ്ക്കുന്നുണ്ട്.

ബസ് ഉടമകളുടെ വാദം

പുതിയ സ്റ്റോപ്പുകൾ ആലപ്പുഴയുടെ റോഡുകളുടെ സ്ഥിതിക്കും ഭൂമിശാസ്ത്രത്തിനും യാത്രക്കാരുടെ സൗകര്യങ്ങൾക്കും യോജിച്ചതല്ല. സ്വകാര്യബസുകൾ യാത്രക്കാർ കാത്തുനിൽക്കുന്ന പഴയ സ്റ്റോപ്പിൽ നിന്നും അകലെ മാറ്റി നിർത്തുമ്പോൾ കെ.എസ്.ആർ.ടി.സി പഴയ സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ കയറ്റിക്കൊണ്ടുപോകും. അനുവദിച്ചിരിക്കുന്ന റൂട്ടുകളിൽ നിന്നും മാറി കൂടുതൽ ദൂരം ഓടേണ്ടി വരുന്നതുമൂലം ഉണ്ടാകുന്ന ഇന്ധന-സമയ നഷ്ടങ്ങൾക്ക് പരിഹാരമില്ല. താറുമാറായി കിടക്കുന്ന ഔട്ട്‌പോസ്റ്റ് ജംഗ്ഷനിലും കല്ലുപാലം-ഇരുമ്പുപാലം വളവുകളിലും സ്വകാര്യ വാഹനങ്ങൾ അനധികൃതമായി പാർക്കു ചെയ്യുന്നതുമൂലം ഉണ്ടായിക്കൊണ്ടിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കാനും നടപടിയില്ല.

പുതിയ ബസ് സ്റ്റോപ്പുകൾ

 കൊമ്മാടി ജംഗ്ഷനിൽ സിഗ്‌നലിന് തടസ്സം വരാത്ത വിധം 15 മീറ്റർ തെക്കോട്ട് മാറ്റും

 എസ്.ഡി കോളേജിനു മുൻവശം പുതിയ വെയ്റ്റിംഗ് ഷെഡ്

 വലിയചുടുകാട് ജംഗ്ഷനിൽ അനന്തു മെഡിക്കൽസിന് മുൻവശം

 സ്റ്റേറ്റ് കാരിയേജ് ബസുകളുടെ സ്റ്റോപ്പ് തിരുവമ്പാടി ജംഗ്ഷനിൽ മുത്തൂറ്റ് ഫിൻകോർപ്പിന് മുന്നിൽ

 ജില്ലാകോടതി പാലത്തിന് വടക്കേക്കരയിൽ എസ്.ഡി.വി സെന്റിനറി ഹാളിനു മുൻ വശം

 കെ.എസ്.ആർ.ടി.സി സ്റ്റാന്റിൽ നിന്നും വരുന്ന ബസുകൾക്ക് ആലുക്കാസ് ജംഗ്ഷനു മുമ്പ് കാനറ ബാങ്കിന് മുൻവശം

 കൈചൂണ്ടി ജംഗ്ഷനിൽ ബാബാസ് ബിൽഡിംഗിനു മുൻവശത്തും, ബെസ്റ്റ് ബേക്കറിക്ക് മുൻവശത്തും

 കല്ലുപാലത്തിന് പടിഞ്ഞാറ് കേരള ബാങ്ക് കെട്ടിടത്തിനു മുൻവശം

 ഇരുമ്പുപാലം തെക്കേകരയിൽ സിൽവർ ഫ്രെയിം എംപോറിയത്തിന് സമീപം

 സക്കറിയ ബസാർ ജംഗ്ഷനിൽ ലജനത്തുൽ മുഹമ്മദിയ ഷോപ്പിംഗ് കോംപ്ലക്‌സിനു എതിർവശം

സ്റ്റോപ്പുകളുടെ പുനർനിർണയം പുനഃപരിശോധിക്കണം. യ ബസ് ഉടമകളെയും തൊഴിലാളി സംഘടനകളെയും ഉൾപ്പെടുത്തി പുതിയ യോഗം ചേരണം

- പി.ജെ. കുര്യൻ, ജില്ലാ പ്രസിഡന്റ്, കേരള ബസ് ട്രാൻസ്‌പോർട്ട് അസോസിയേഷൻ