 
ആലപ്പുഴ: ഒമാനിൽ നടന്ന അയൺമാൻ മത്സരത്തിൽ കിരീടം ചൂടി ആലപ്പുഴ സ്വദേശി ഷാനവാസ്. 1.9 കിലോമീറ്റർ കടലിൽ നീന്തൽ, 90 കിലോമീറ്റർ സൈക്ലിംഗ്, 21.1 കിലോമീറ്റർ ഓട്ടം എന്നിവ ഇടവേളകളില്ലാതെ നിശ്ചിത സമയത്തിനുള്ളിൽ പൂർത്തിയാക്കുന്ന കായിക മത്സരമാണ് അയൺമാൻ 70.3.
കഴിഞ്ഞ 24 ന് ഒമാനിലെ സലാലയിൽ 64 രാജ്യങ്ങളിൽ നിന്നായി 600 ലധികം കായികതാരങ്ങൾ പങ്കെടുത്ത മത്സരത്തിലാണ് ആലപ്പുഴ ഇരുമ്പു പാലത്തിനു സമീപം ഓൾഡ് തിരുമല ഭാഗത്ത് മച്ചു എന്നു വിളിക്കുന്ന ഷാനവാസ് (49 ) അയൺമാൻ പട്ടം കരസ്ഥമാക്കിയത്.
70.3 മൈൽ ട്രയാത്തണലിൽ 113 കിലോമീറ്റർ ദൂരമാണ് പിന്നിടേണ്ടത്. എട്ടു മണിക്കൂറും 30 മിനിട്ടിനുമുള്ളിൽ മത്സരം പൂർത്തിയാക്കണം. ഷാനവാസ് ഏഴു മണിക്കൂറും 35 മിനിട്ടും കൊണ്ട് വിജയിയായി. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ഓട്ടവും സൈക്ലിംഗും നടത്തുന്ന ഷാനവാസ് ട്രയാത്തണലിനായി നീന്തൽ പരിശീലനത്തിലും ഏർപ്പെട്ടു. ധാരാളം അൾട്രാ മരത്തോണുകളിലും ഹാഫ് മാരത്തോണുകളിലും ഷാനവാസ് പങ്കെടുത്തിട്ടുണ്ട്. മസ്‌കറ്റിലെ ഒരു പത്ര സ്ഥാപനത്തിൽ ഡിസൈനറായി ജൊലി ചെയ്യുന്നു. ഭാര്യ: മഞ്ജു. മകൾ: മീനാക്ഷി.
.