photo
കരുവാറ്റയിൽ കാർഷിക ഡ്രോണുകളുടെ പ്രദർശനം നടന്നപ്പോൾ

കരുവാറ്റയിൽ കിസാൻ ഡ്രോണുകളുടെ പ്രദർശനം

ആലപ്പുഴ : കൃഷിയിടങ്ങളിൽ കീടനാശിനി തളിക്കാൻ തയ്യാറാക്കിയ കിസാൻ ഡ്രോണുകളുടെ പ്രദർശനവും പ്രവൃത്തി പരിചയവും കരുവാറ്റ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ തെറ്റിക്കളം പാടശേഖരത്തിൽ നടത്തി.

കർഷകരുടെ ജോലി ഭാരം കുറയ്ക്കുന്നതിനൊപ്പം കാർഷിക മേഖലയുടെ ആധുനികവത്ക്കരണം കൂടി ലക്ഷ്യമിട്ടാണ് കിസാൻ ഡ്രോണുകൾ എത്തുന്നത്. വിളയുടെ വളർച്ച നിരീക്ഷിക്കൽ, ഭൂമിയൊരുക്കലിനും മറ്റും സഹായിക്കൽ എന്നിവയും ഡ്രോൺ ഉപയോഗിച്ച് ചെയ്യാനാകും. ബ്രോനോപ്പോൾ എന്ന ഇമ്മ്യുണോ മോഡുലേറ്ററും തെറ്റിക്കളം പാടശേഖരത്തിലെ അഞ്ച് ഹെക്ടറോളം വരുന്ന കൃഷിഭൂമിയിൽ ഡ്രോൺ ഉപയോഗിച്ച് സ്‌പ്രേ ചെയ്തു.

കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പ്രദർശനം ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. കരുവാറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. പൊന്നമ്മ അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ കൃഷി അസി.ഡയറക്ടർ സന്തോഷ് കുമാർ, അസി.എക്‌സിക്യൂട്ടീവ് എൻജിനീയർ കെ.ജയപ്രകാശ് ബാബു, കരുവാറ്റ കൃഷി ഓഫീസർ മഹേശ്വരി, ജനപ്രതിനിധികൾ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു.

ഒരു ഏക്കറിന് 8 മിനിട്ട്

ഒരു ഏക്കറിൽ ഒരേ അളവിൽ കീടനാശിനിയോ വളമോ തളിയ്ക്കുന്നതിന് എട്ട് മിനിട്ട് സമയമാണ് ഡ്രോൺ പരമാവധി എടുക്കുക. സ്‌പ്രേയർ ഉപയോഗിച്ച് തൊഴിലാളികൾ മരുന്നു തളിക്കുന്നതിനേക്കാൾ 80 ശതമാനം ഫലവത്തായും ചിലവ് കുറച്ചും ഡ്രോണുകൾക്ക് മരുന്നു സ്‌പ്രേ ചെയ്യാനാകും.

സബ്സിഡിയിലും ലോണിലും ലഭിക്കും

സംസ്ഥാന കൃഷിവകുപ്പ് നടപ്പാക്കുന്ന സ്മാം പദ്ധതി പ്രകാരം, 10 ലക്ഷം രൂപവരെ വിലവരുന്ന ഡ്രോണുകൾ വ്യക്തിഗത കർഷകർക്ക് നാലു മുതൽ അഞ്ചു ലക്ഷം രൂപ വരെ സബ്‌സിഡിയിൽ ലഭിക്കും. അഗ്രികൾച്ചർ ഇൻഫാസ്ട്രക്ചർ ഫണ്ടുമായി ചേർന്ന് ലോൺ ആയും ഡ്രോണുകൾ ലഭിക്കും. ഡ്രോൺ അസിസ്റ്റൻസിനും സ്മാം രജിസ്‌ട്രേഷനും ഫോൺ: 9383470694.