dispensary-gate
പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ ഗേറ്റ് . ഇതിലൂടെ ചവിട്ടി കയറാൻ കഴിയും

മാന്നാർ : ഇരുട്ട് പരക്കുന്നതോടെ, സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുകയാണ് ബുധനൂർ ഗ്രാമപഞ്ചായത്തിലെ പെരിങ്ങിലിപ്പുറം പ്രഥമികാരോഗ്യകേന്ദ്രം . കെട്ടിടത്തിന്റെ കിഴക്കു ഭാഗത്ത് ഏഴടിയോളം ഉയരത്തിൽ, കനം കുറഞ്ഞ ഇരുമ്പ് പട്ടയിൽ നിർമ്മിച്ച ഗേറ്റുണ്ടെങ്കിലും ഏണി പോലെ ചവിട്ടിക്കയറാവുന്ന വിധത്തിലാണ് ഇതെന്നത് സാമൂഹ്യവിരുദ്ധർക്ക് സഹായകമാകുന്നു. മുമ്പ് അശുപത്രിക്ക് മുന്നിൽ ഉണ്ടായിരുന്ന ഗ്രില്ല്, കെട്ടിടം പരിഷ്‌കരിച്ചപ്പോൾ എടുത്ത് കളഞ്ഞത് സാമൂഹ്യ വിരുദ്ധർക്ക് സൗകര്യപ്രദമായി. ബുധനൂർ ഗ്രാമപഞ്ചായത്തു പ്രസിഡന്റിന്റെ വാർഡിലാണ് പ്രാഥമികാരോഗ്യകേന്ദ്രം.

പലപ്പോഴും രാത്രിയിൽ കെട്ടിടത്തിൽ ലൈറ്റ് കത്തിക്കിടക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും ജീവനക്കാർ ഓഫ് ചെയ്യാൻ മറന്നു പോയതായിരിക്കുമെന്ന നിഗമനത്തിലായിരുന്നു. എന്നാൽ ആശുപത്രിയിൽ നിന്ന് സിറിഞ്ചും മരുന്നുകളും പണവും മറ്റും നഷ്ടപ്പെടുന്നതായി പരാതി ഉയർന്നതോടെയാണ് സാമൂഹ്യ വിരുദ്ധർ രാത്രികാലങ്ങളിൽ ഇവിടെ പ്രവേശിക്കുന്നതായി മനസിലായത്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാത്രിയിൽ അതിക്രമിച്ചു കടന്നവർ കെട്ടിടത്തിലെ ഫയർ എക്സ്റ്റിംഗുഷർ നശിപ്പിച്ചു. നഴ്സിംഗ് അസിസ്റ്റന്റിന്റെ മുറിയിലെ മേശവലിപ്പിൽ വച്ചിരുന്ന താക്കോൽ ഉപയോഗിച്ച് മുകളിലുളള ഓഫീസ് മുറി തുറന്നു. ഒ.പി.ടിക്കറ്റ് ഇനത്തിൽ ലഭിച്ച 4500 ഓളം രൂപ നഷ്ടപ്പെട്ടെങ്കിലും ബന്ധപ്പെട്ട ജീവനക്കാർ സ്വന്തം പോക്കറ്റിൽ നിന്നും ഈ തുക അടച്ച് തടിയൂരുകയായിരുന്നെന്നാണറിയുന്നത്.

പരാതിക്കും വിലയില്ല

മയക്കുമരുന്ന് മാഫിയ സജീവമായതിനാൽ ആരോഗ്യ കേന്ദ്രത്തിൽ അതിക്രമിച്ചു കയറി മരുന്നുകളിൽ മയക്കുമരുന്നോ മറ്റോ കുത്തിനിറയ്ക്കുമോ എന്ന ആശങ്കയും പ്രദേശവാസികൾക്കുണ്ട്. സാമൂഹ്യവിരുദ്ധ വിളയാട്ടത്തെപ്പറ്റി മെഡിക്കൽ ഓഫീസർ ഡോ.ഷീജ മാന്നാർ പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ടത്ര ഗൗരവത്തിലെടുത്തില്ലെന്നും ആക്ഷേപമുണ്ട്.


പ്രതിഷേധവുമായി ബി.ജെ.പി

പെരിങ്ങിലിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്. ബി.ജെ.പി ബുധനൂർ പഞ്ചായത്തു കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു മുന്നിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ തുടർസമരം നടത്തുമെന്ന് ബി.ജെ.പി മാന്നാർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സതീഷ് കൃഷ്ണൻ പറഞ്ഞു. പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി ടി.പി.സുന്ദരേശൻ, എസ്.സി മോർച്ച ജില്ലാ പ്രസിഡന്റ് മോഹൻകുമാർ, മണ്ഡലം ഐ.ടി സെൽ കൺവീനർ സുനി ഗ്രാമം, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി രാജ്‌മോഹൻ, പാർലമെന്ററി പാർട്ടി ലീഡർ ശാന്താ ഗോപകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുജാത ടി, ഗ്രാമ പഞ്ചായത്തംഗം രാജി ബാബു, വിജയൻ എന്നിവർ പങ്കെടുത്തു.