മാന്നാർ : മാന്നാർ നായർ സമാജത്തിന്റെ 120-ാംമത് വാർഷികം ഇന്ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10 ന് മാന്നാർ അക്ഷര നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ നടക്കുന്ന വാർഷിക സമ്മേളനം ഗോവ ഗവർണർ അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്യും. സമാജം പ്രസിഡന്റ് എ.ഹരീന്ദ്ര കുമാർ അദ്ധ്യക്ഷത വഹിക്കും. ഡോ.കെ ബാലകൃഷ്ണപിള്ള, നായർ സമാജം സ്‌കൂൾസ് മാനേജർ കെ.ആർ രാമചന്ദ്രൻ നായർ, നായർ സമാജം എഡ്യൂക്കേഷൻ ട്രസ്റ്റ് പ്രസിഡന്റ് കെ.ജി വിശ്വനാഥൻ നായർ, ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്‌ട്രേറ്റർ കെ. വേണഗോപാൽ എന്നിവർ സംസാരിക്കും. നായർ സമാജം സെക്രട്ടറി പി.ആർ ഹരികുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് എൽ.പി സത്യപ്രകാശ് നന്ദിയും പറയും. ചടങ്ങിൽ ഇന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ഗവർണർ അനമോദിക്കും. സമ്മേളനത്തിന് മന്നോടിയായി കുറ്റിയിൽ ജംഗ്ഷനിലുള്ള നായർ സമാജം ഓഫീസ് അങ്കണത്തിൽ പതാക ഉയർത്തൽ നടക്കും. നായർ സമാജം പ്രസിഡന്റ് ഹരീന്ദ്രകുമാർ, സെക്രട്ടറി പി.ആർ ഹരികുമാർ, വൈസ് പ്രസിഡന്റ് എൽ.പി സത്യപ്രകാശ്, ജോയിന്റ് സെക്രട്ടറി സുരേഷ് ചേക്കോട്ട് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.