മാവേലിക്കര : കല്ലുമല റെയിൽവേ മേൽപ്പാല നിർമാണത്തിന് മുന്നോടിയായുള്ള അതിർത്തി തിരിക്കൽ സർവേ നടപടികൾക്കു ഉടൻ തുടക്കമാകുമെന്ന് എം.എസ് അരുൺ കുമാർ എം.എൽ.എ അറിയിച്ചു. ചെങ്ങന്നൂർ ,മാവേലിക്കര റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മാവേലിക്കര സ്റ്റേഷന് വടക്കു ഭാഗത്താണ് മേൽപ്പാലം വരുന്നത്. നിർമാണവുമായി ബന്ധപ്പെട്ട് പ്രാരംഭ സർവേ നടത്തണമെന്ന ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം ഭൂമിയുടെ അവകാശക്കാർ ഭൂമിയിലുള്ള തടസങ്ങൾ 15 ദിവസത്തിനുള്ളിൽ നീക്കം ചെയ്യണം. വീഴ്ച വരുത്തുന്നവരിൽ നിന്നു തടസങ്ങൾ നീക്കുന്നതിനുള്ള ചിലവ് ഈടാക്കും.
ഭൂമി ഏറ്റെടുക്കുന്നതിനുള്ള സ്‌പെഷ്യൽ തഹസീൽദാരെ 15നാണ് നിയമിച്ചത്. അടുത്ത ഘട്ടമായി അതിർത്തി കല്ലുകൾ സ്ഥാപിക്കും. തുടർന്ന് സാമൂഹികാഘാത പഠനത്തിന് ഏജൻസിയെ ചുമതലപ്പെടുത്തും. റെയിൽവേ ഗേറ്റിന് പടിഞ്ഞാറ് ഗവ.ആയുർവേദ ആശുപത്രിക്ക് സമീപം വെള്ളൂർകുളം മുതൽ ഗേറ്റിന് കിഴക്ക് ബിഷപ് മൂർ കോളേജ് ഹോസ്റ്റലിന് മുന്നിൽ വരെ 500 മീറ്റർ നീളത്തിലും 10.20 മീറ്റർ വീതിയിലുമാണ് പാലത്തിന്റെ നിർമാണം. 1.50 മീറ്റർ വീതിയിൽ ഒരു വശത്ത് നടപ്പാതയും ഉണ്ടാകും.