 
കായംകുളം നഗരസഭയിൽ തെരുവു നായ്ക്കൾക്ക് വാക്സിനേഷൻ തുടങ്ങിയില്ല
കായംകുളം : വാർഡുകളിൽ തെരുവു നായ്ക്കളുടെ ശല്യം കൊണ്ട് പൊറുതി മുട്ടുമ്പോൾ പരാതി പറയാനായി നഗരസഭ ഓഫീസിൽ ചെന്നാൽ കവാടത്തിൽ സ്വീകരിക്കുക ഒരു കൂട്ടം നായ്ക്കൾ! കായംകുളം നഗരത്തിലെ ജനങ്ങളുടെ അവസ്ഥയാണിത്. തെരുവു നായ് ശല്യം കാരണം പുറത്തിറങ്ങാൻ കഴിയാത്ത ഗതികേടിലാണ് നഗരവാസികൾ. കായംകുളം പൊലീസ് സ്റ്റേഷന് മുന്നിൽ ട്രാഫിക് നിയന്ത്രിച്ചിരുന്ന ഹോം ഗാർഡിന് തെരുവ് നായയുടെ കടിയേറ്റത് അടുത്തിടെയാണ്.
കഴിഞ്ഞ രണ്ട് മാസക്കാലമായി നിരവധി പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. കടിയേൽക്കുന്നവർ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമാണ് അഭയം തേടുന്നത്. കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തുന്നവരെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യുകയാണ് പതിവ്.
കായംകുളം ഗവ.എൽ.പി സ്കൂൾ, ബോയ്സ് ഹൈസ്കൂൾ, ഗേൾസ് ഹൈസ്കൂൾ എന്നിവയുടെ കോമ്പൗണ്ടിനുള്ളിലാണ് തെരുവ് നായ്ക്കളുടെ താവളം. നിരവധി തവണ പരാതികൾ നൽകിയിട്ടും തെരുവുനായ് നിയന്ത്രണത്തിന് നഗരസഭാധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 44 വാർഡുകളിലെയും റോഡുകളിൽ തെരുവ് നായ്ക്കൾ വിഹരിക്കുന്നതിനാൽ കുട്ടികളെ സ്കൂളിൽ ഒറ്റയ്ക്ക് വിടാൻ പോലും രക്ഷിതാക്കൾ ഭയക്കുകയാണ്.
ഇത്രയധികം ജനങ്ങൾ ബുദ്ധിമുട്ടിയിട്ടും, അലഞ്ഞു നടക്കുന്ന തെരുവ് നായ്ക്കൾക്കുള്ള കുത്തിവയ്പ് ഇതുവരെ കായംകുളം നഗരസഭയിൽ ആരംഭിച്ചിട്ടില്ല. അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടി കൂട്ടിൽ പാർപ്പിക്കുന്നതിന് ആവശ്യമായ ഷെൽട്ടറുകൾ നിർമ്മിക്കുന്നതിനുള്ള പദ്ധതിയും ആലോചിച്ചിട്ടില്ല.
പട്ടണത്തിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന തെരുവുനായ്ക്കളുടെ വംശവർദ്ധന ഇല്ലാതാക്കാൻ നഗരസഭ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ ഫോറം എന്ന സംഘടന പൊതുതാത്പര്യ ഹർജി നൽകിയിരുന്നു. എതിർകക്ഷികളായ നഗരസഭയും താലൂക്ക് ആശുപത്രി സൂപ്രണ്ടും കോടതിയിൽ ഹാജരാകാൻ നിർദ്ദേശം നൽകിയെങ്കിലും സർക്കാർ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് നഗരസഭ കോടതിയിൽ മറുപടി നൽകി.
നൂറോളം ഇറച്ചിക്കോഴി കടകൾ , ലൈസൻസ് രണ്ടെണ്ണത്തിന്
റോഡ് നീളെ വലിച്ചെറിയുന്ന ഇറച്ചിക്കോഴി അവശിഷ്ടങ്ങളാണ് നായകളുടെ പ്രധാന ഭക്ഷണം. കായംകുളത്ത് നൂറോളം ഇറച്ചിക്കോഴി വില്പന ശാലകൾ ഉണ്ടങ്കിലും രണ്ടെണ്ണത്തിന് മാത്രമാണ് ലൈസൻസ് ഉള്ളത്. എല്ലാ കടകളിലെയും മാലിന്യങ്ങൾ റോഡിലേക്കാണ് എറിയുന്നത്.
വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ തുടങ്ങി
വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ ക്യാമ്പ് തുടങ്ങിയതായി നഗരസഭ ചെയർപേഴ്സൺ പി.ശശികല അറിയിച്ചു. വീടുകളിൽ വയർത്തുന്ന പൂച്ചകൾക്കും പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ നൽകും. നഗരസഭയും മൃഗസംരക്ഷണ വകുപ്പും ചേർന്ന് നടത്തുന്ന തീവ്ര യജ്ഞ പരിപാടിയുടെ ഭാഗമായി 30വരെ കായംകുളം വെറ്ററിനറി പോളിക്ലിനിക്കിലാണ് പ്രത്യേക വാക്സിനേഷൻ ക്യാമ്പ്.