ഓണത്തിനു ശേഷവും പച്ചക്കറി കൃഷി തുടർന്ന് സ്റ്റേഡിയം വാർഡ്

ആലപ്പുഴ : ദിവസവും വൈകിട്ട് കിലോ കണക്കിന് വെണ്ട, തക്കാളി, വഴുതന, പച്ചമുളക് എന്നിവ വിളവെടുത്ത് കാർഷിക രംഗത്ത് സ്വയം പര്യാപ്തതയ്ക്ക് തയ്യാറെടുക്കുകയാണ് നഗരസഭയിലെ മുനിസിപ്പൽ സ്റ്റേഡിയം വാർഡ്. നഗരസഭാ പദ്ധതിയായ പൊന്നോണത്തോട്ടത്തിന്റെ ഭാഗമായി വാർഡ് കൗൺസിലർ ബി.അജേഷിന്റെ നേതൃത്വത്തിൽ ആരംഭിച്ച കൃഷിയാണ് ഓണത്തിന് ശേഷവും വിജയകരമായി മുന്നോട്ട് പോകുന്നത്.

വാർഡിലെ താമസക്കാരനായ ലൈജുവിന്റെ 30 സെന്റ് പുരയിടത്തിലാണ് കൃഷി. ജൈവകൃഷിയുടെ പരിപാലനവും പ്രതിദിന വിളവെടുപ്പും കൗൺസിലറുടെ നേതൃത്വത്തിലാണ് . പുറമേ നിന്നും പച്ചക്കറിക്ക് ആവശ്യക്കാരെത്തുന്നുണ്ടെങ്കിലും, വാർഡിലെ ജനങ്ങളിലേക്ക് മാത്രം വിപണനം തൽക്കാലം ഒതുക്കി. കൃഷി വിജയമായതോടെ, കൂടുതൽ സ്ഥലം കൃഷിക്ക് വിട്ട് തരാമെന്ന വാഗ്ദാനവുമായി പ്രദേശവാസികൾ സമീപിക്കുന്നുണ്ട്.

ടൈംടേബിൾ വച്ച് പരിപാലനം

രാവിലെ 7 മുതൽ 9 മണി വരെ കൃഷിയുടെ പരിപാലന സമയമാണ്. വീട്ടമ്മമാർക്കടക്കം ജോലിത്തിരക്കുള്ള സമയമായതിനാൽ കൗൺസിലർ ഒറ്റയ്ക്കാണ് രാവിലത്തെ പരിപാലനം നടത്തുന്നത്. വൈകിട്ട് 5 മുതൽ 6 വരെയുള്ള സമയം കാർ‌ഷിക വിളവെടുപ്പിന്റെയും വില്പനയുടേതുമാണ്. അയൽക്കൂട്ടം അംഗങ്ങളായ സരള, അംബിക, ഗീത എന്നിവർക്കാണ് വൈകിട്ടത്തെ ചുമതല.

വിപണിവിലയെക്കാൾ താഴ്ന്ന വിലയ്ക്കാണ് പച്ചക്കറി വിൽക്കുന്നത്. നമ്മുടെ നാട്ടിലും കൃഷി വിജയകരമായി നടപ്പാക്കാൻ സാധിക്കുമെന്ന് തെളിയിക്കാൻ സാധിച്ചു. വാർഡിൽ തന്നെ കൂടുതൽ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കും

- ബി.അജേഷ്, സ്റ്റേഡിയം വാർഡ് കൗൺസിലർ