ആലപ്പുഴ: ടി.വി.സാംബശിവൻ അനുസ്മരണവും അവാർഡുദാനവും നെടുമുടി കൊട്ടാരം ശ്രീഭഗവതി ക്ഷേത്രം ആഡിറ്റോറിയത്തിൽ 6ന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 4.30ന് അനുസ്മരണസമ്മേളനം നടൻ ബിജു സോപാനം ഉദ്ഘാടനം ചെയ്യും. ഡോ. കെ.ഗോപകുമാർ അദ്ധ്യക്ഷത വഹിക്കും. തൃക്കാക്കര ഭാരത് മാതാ കോളജ് ഡീൻ ഓഫ് ആർട്‌സ് ഡോ. തോമസ് പനക്കളം മുഖ്യപ്രഭാഷണം നടത്തും. ഗിരീഷ് സോപാനത്തിനാണ് ഈ വർഷത്തെ സാംബശിവൻ സ്മാരക തീയേറ്റർ ഫൗണ്ടേഷന്റെ പുരസ്‌കാരം . 20,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് ആർട്ടിസ്റ്റ് സുജാതൻ സമ്മാനിക്കും.
തുടർന്ന് ഗിരീഷ് സോപാനം അവതരിപ്പിക്കുന്ന അന്തര്യാമി ഏകഹാര്യ നാടകവും തിരുവനന്തപുരം സ്വദേശാഭിമാനി തിയറ്റേഴ്‌സിന്റെ 'കോഴിപ്പോര്' നാടകവും നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ബിനു വി.ചന്ദ്രൻ, ഗിരീഷ് ചമ്പക്കുളം, സിജോ ആന്റണി, കിച്ചു ആര്യാട് എന്നിവർ പരിപാടികൾ വിശദീകരിച്ചു