ആലപ്പുഴ: ഒക്ടോബർ 2 മുതൽ നവംബർ 1 വരെ സർക്കാർ സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ പരിപാടിയിൽ ലഹരിവിരുദ്ധ രംഗത്ത് പ്രവർത്തിക്കുന്ന സംഘടനകളെ ഒഴിവാക്കിയതിൽ കേരള പ്രദേശ് മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്റും ഗാന്ധിയൻ ദർശന വേദി സംസ്ഥാന ചെയർമാനുമായ ബേബി പാറക്കാടൻ പ്രതിഷേധിച്ചു. തേക്ക് ഇല്ലാത്ത തെക്കിൻകാട് മൈതാനം പോലെയാണ് സർക്കാർ രൂപീകരിച്ചിരിക്കുന്ന ലഹരിവിരുദ്ധ സമിതി എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഗാന്ധിയൻ ദർശനവേദി സംസ്ഥാന നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബേബി പാറക്കാടൻ. അടുത്ത രണ്ടിന് ആരംഭിച്ചു ജനുവരി 30ന് അവസാനിക്കുന്ന കാലയളവിൽ എല്ലാ ശനിയാഴ്ചകളിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലഹരി വിരുദ്ധ സമ്മേളനങ്ങൾ നടത്തുന്നതിന് ഗാന്ധിയൻ ദർശനവേദി സംസ്ഥാന നേതൃയോഗം തീരുമാനിച്ചു . ലഹരിവിരുദ്ധ ബോധവൽക്കരണ സമ്മേളനത്തിന്റെ ഉദ്ഘാടനം രണ്ടിന് രാവിലെ 10.30ന് ആലപ്പുഴ ക്വിറ്റ് ഇന്ത്യ സ്മാരകത്തിന് സമീപം നടക്കും. ഗാന്ധിയൻ ദർശനവേദി സംസ്ഥാന നേതൃയോഗത്തിൽ വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് അഡ്വ. ദിലീപ് ചെറിയനാട് മുഖ്യപ്രഭാഷണം നടത്തി.