 
അമ്പലപ്പുഴ: അമ്പലപ്പുഴ റെയിൽവേ സ്റ്റേഷൻ പരിസരത്ത് തെരുവു നായ്ക്കളുടെ ശല്യം വർദ്ധിച്ചതോടെ യാത്രക്കാർ ഭീതിയിൽ. കാടു പിടിച്ചു കിടക്കുന്ന റെയിൽവേ സ്റ്റേഷൻ പരിസരത്തും റോഡിലുമൊക്കെ നിരവധി തെരുവു നായ്ക്കളാണ് സ്വൈര വിഹാരം നടത്തുന്നത്. രാവിലെയുള്ള ട്രെയിനുകളിൽ യാത്ര ചെയ്യാനെത്തുന്നവർ ഭീതിയോടെയാണ് റെയിൽവേ സ്റ്റേഷനിലേയ്ക്ക് വരുന്നത്. ഇരുചക്ര വാഹനങ്ങളിലെത്തുന്ന യാത്രക്കാരെയും നായ്ക്കൾ ആക്രമിക്കാൻ ശ്രമിക്കാറുണ്ട്. റെയിൽവേ സ്റ്റേഷൻ പരിസരത്തുള്ള കാടുകളിൽ മാലിന്യം ഓരോ ദിവസവും കുന്നുകൂടുന്നതാണ് തെരുവു നായ് ശല്യം വർദ്ധിക്കാൻ കാരണമാകുന്നത്. കാടു പിടിച്ചു കിടക്കുന്ന പരിസരം ശുചീകരിക്കാൻ അധികൃതർ തയ്യാറാകണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.