മാന്നാർ : മാന്നാറിൽ വീട്ടമ്മയുടെ സ്വർണമാല കവർന്നും ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചും മോഷ്ടാക്കളുടെ വിളയാട്ടം. മാന്നാർ കുട്ടംപേരൂർ തട്ടാരുപറമ്പിൽ സുബ്രഹ്മണ്യത്തിന്റെ വീടിന്റെ അടുക്കള വാതിൽ കുത്തിത്തുറന്ന് ഉള്ളിൽ കയറിയ മോഷ്ടാവ് സുബ്രഹ്മണ്യത്തിന്റെ ഭാര്യയുടെ മൂന്നര പവൻ തൂക്കമുള്ള സ്വർണ്ണമാലയാണ് കവർന്നത് . അയൽവാസിയായ ഗണേഷ് ഭവനിൽ ഗിരീഷ് കുമാറിന്റെ വീട്ടിലെത്തിയ മോഷ്ടാവ് സാധന സാമഗ്രികളെല്ലാം വലിച്ചിട്ടെങ്കിലും ഷെൽഫിൽ പേപ്പറിൽ പൊതിഞ്ഞുവച്ച സ്വർണ്ണമാല ശ്രദ്ധയിൽപ്പെടാതിരുന്നതിനാൽ നഷ്ടമായില്ല. സമീപത്തെ മറ്റു വീടുകളിലും മോഷണശ്രമം നടന്നു.
മാന്നാർ സ്റ്റോർ ജംഗ്ഷനു സമീപത്തെ മാമ്മൂട്ടിൽ പരബ്രഹ്മ മൂർത്തി ക്ഷേത്രത്തിന് പുറത്തെ കാണിക്ക മണ്ഡപത്തിന്റെ പൂട്ട് പൊളിച്ച് വഞ്ചി കുത്തിത്തുറന്ന് പണം അപഹരിച്ചു. ക്ഷേത്ര ഭരണ സമിതി സെക്രട്ടറി മാന്നാർ പൊലീസിൽ പരാതി നൽകി.